ബെംഗളൂരു : സംസ്ഥാനത്തെ 15 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും അഴിമതിവിരുദ്ധ ബ്യൂറോ (എ.സി.ബി.) മിന്നൽപരിശോധന നടത്തി. ബെംഗളൂരു, മാണ്ഡ്യ, മംഗളൂരു, കലബുറഗി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളും ഓഫീസുകളുമുൾപ്പെടെ 64 ഇടങ്ങളിലാണ് ബുധനാഴ്ച ഒരേസമയം എ.സി.ബി.യുടെ റെയ്ഡ് നടന്നത്.

അനധികൃതമായി സൂക്ഷിച്ച ലക്ഷക്കണക്കിന് രൂപയും സ്വർണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും കണ്ടെത്തിയെന്ന് എ.സി.ബി. അധികൃതർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനുശേഷം പിടിച്ചെടുത്ത വസ്തുക്കളുടെ കണക്ക് പുറത്തുവിടുമെന്നും അധികൃതർ പറഞ്ഞു.

ഒരാഴ്ചമുമ്പ് ബെംഗളൂരു വികസന അതോറിറ്റിയുടെ ആസ്ഥാനത്ത് നടന്ന പരിശോധനയിൽ 200 കോടിയുടെ ക്രമക്കേട് വ്യക്തമാക്കുന്ന രേഖകൾ എ.സി.ബി. പിടിച്ചെടുത്തിരുന്നു.

ഇതിൽനിന്ന് ലഭിച്ച സൂചനകൾ അനുസരിച്ചാണ് സർക്കാർ ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വീടുകളിലും പരിശോധന നടത്താൻ തീരുമാനിച്ചത്. എട്ട് എസ്.പി.മാർ ഉൾപ്പെടെ 400 അംഗ സംഘമാണ് ബുധനാഴ്ചനടന്ന പരിശോധനയിൽ പങ്കെടുത്തത്.

വീടുകളിലെ രഹസ്യ അറകളിലും ശൗചാലയത്തിലെ പൈപ്പുകളിലും ഫാൾസ് സീലിങ്ങിനുള്ളിലും സൂക്ഷിച്ച പണവും സ്വർണവും എ.സി.ബി. ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പൊതുമരാമത്ത് വകുപ്പ് ജീവനക്കാരന്റെ വീട്ടിലെ ചുമരിൽ ഘടിപ്പിച്ച പൈപ്പിൽനിന്ന് നോട്ടുകൾ പുറത്തെടുക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 13 ലക്ഷം രൂപയാണ് പൈപ്പിൽനിന്ന് കണ്ടെടുത്തത്.

യെലഹങ്ക സർക്കാർ ആശുപത്രിയിലെ ഡോക്ടർ അടക്കം ഏഴ് ഉദ്യോഗസ്ഥരുടെ വീടുകളും ഓഫീസുകളുമാണ് ബെംഗളൂരുവിൽ നടന്ന റെയ്ഡിൽ ഉൾപ്പെട്ടത്.

യെലഹങ്കയിലെ ഫിസിയോ തെറാപ്പിസ്റ്റ് രാജശേഖർ, റോഡ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ഉദ്യോഗസ്ഥൻ എം. മായണ്ണ, സകല മിഷനിലെ ഓഫീസർ എൽ.സി. നാഗരാജ്, യശ്വന്തപുര ബി.ബി.എം.പി. ഓഫീസിലെ ജീവനക്കാരൻ ജി.വി. ഗിരി, നന്ദിനി ഡെയറി ബെംഗളൂരു യൂണിറ്റ് ജനറൽ മാനേജർ ബി. കൃഷ്ണറെഡ്ഡി, ദൊഡ്ഡബെല്ലാപുരയിലെ റവന്യൂ ഇൻസ്പെക്ടർ ലക്ഷ്മി നരസിംഹയ്യ, നിർമിതി കേന്ദ്ര മുൻ പ്രോജക്ട്‌ മാനേജർ വാസുദേവ് എന്നിവരാണ് ഏഴുപേർ.

മംഗളൂരു സ്മാർട്ട് സിറ്റി എക്സിക്യുട്ടീവ് എൻജിനിയർ ലിംഗെഗൗഡ, മാണ്ഡ്യ എച്ച്.എൽ.ബി.സി. പദ്ധതി എക്സിക്യുട്ടീവ് എൻജിനിയർ കെ. ശ്രീനിവാസ്, ഗദകിലെ കൃഷിവകുപ്പ് ജോയന്റ് ഡയറക്ടർ ടി.എസ്. രുദ്രപ്പ, സഹകരണ വികസന ഓഫീസർ എ.കെ. മസ്തി, ഗോഖകിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ സദാശിവ് മാരലിംഗന്നവർ, ബെലഗാവിയിലെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥൻ നതാജി ഹീരാജി പാട്ടീൽ, ബല്ലാരിയിലെ മുൻ സബ് രജിസ്ട്രാർ കെ.എസ്. ശിവാനന്ദ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ എ.എസ്. ബീരാദാർ എന്നിവരാണ് എ.സി.ബി.യുടെ പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവർ.