ബെംഗളൂരു : വ്യാജമുദ്രപത്രം നിർമിച്ച് വിതരണംചെയ്ത കേസിൽ വിധാനസൗധ ജീവനക്കാരൻ ഉൾപ്പെടെ നാലുപേർകൂടി അറസ്റ്റിൽ. വ്യാജ മുദ്രപത്രങ്ങൾ നിർമിച്ച സംഘത്തിൽനിന്ന് ഇവർ വൻതോതിൽ മുദ്രപത്രങ്ങൾ വാങ്ങി സൂക്ഷിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞയാഴ്ച പിടിയിലായ, വ്യാജ മുദ്രപത്രം നിർമിക്കുന്ന സംഘത്തിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്നാണ് പ്രത്യേക അന്വേഷണസംഘം വിധാനസൗധ ജീവനക്കാരനുൾപ്പെടെയുള്ളവരെ പിടികൂടിയത്. ബെംഗളൂരു സ്വദേശികളായ ഹുസൈൻ മോദി ബാബു (58), സീമ ഷവാർ (45), ഷബീർ അഹമ്മദ് (38), സി.എസ്. ഹരീഷ് (55) എന്നിവരെയാണ് കഴിഞ്ഞയാഴ്ച പോലീസ് പിടികൂടിയത്. 63.57 ലക്ഷത്തിന്റെ വ്യാജ മുദ്രപത്രങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തിരുന്നു.

നഗരത്തിലെ ചില വസ്തു ഇടപാടുകാർക്കും കച്ചവടക്കാർക്കും ഇവർ വൻതോതിൽ മുദ്രപത്രങ്ങൾ വിതരണംചെയ്തതായാണ് പോലീസിന് ലഭിച്ച വിവരം. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കൂടുതൽപേർ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.