ബെംഗളൂരു : കോവിഡ് വാക്സിൻ നേരിട്ട് വീടുകളിലെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ബെംഗളൂരു കോർപ്പറേഷൻ ‘വാക്സിൻ വാഹനം’ പുറത്തിറക്കി. 80 ഇരുചക്ര വാഹനങ്ങളും 16 കാറുകളുമാണ് വാക്സിനുമായി വീടുകളിലെത്തുക.

രണ്ട് ആരോഗ്യപ്രവർത്തകർ ഓരോ വാഹനത്തിലുമുണ്ടാകും. വാക്സിനേഷന്റെ വേഗം വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബി.ബി.എം.പി. ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു.

ബി.ബി.എം.പി.യുടെ ഓരോ സോണുകളിലും എട്ട് ഇരുചക്രവാഹനങ്ങളും രണ്ട് കാറുകളും വീതം വാക്സിൻ വിതരണത്തിനെത്തും. ആരോഗ്യപ്രവർത്തകർ വഴി മുൻകൂട്ടി അറിയിച്ചതിന് ശേഷമായിരിക്കും വാഹനങ്ങൾ ഓരോ പ്രദേശത്തുമെത്തുക.

തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾക്കും ചേരിപ്രദേശങ്ങൾക്കുമാണ് പദ്ധതിയിൽ മുൻഗണന.

കെയർ ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് കോർപ്പറേഷൻ പദ്ധതി നടപ്പാക്കുന്നത്. വ്യാഴാഴ്ച മുതൽ വാഹനങ്ങൾ വിവിധ കേന്ദ്രങ്ങളിലെത്തുമെന്ന് ബെംഗളൂരു കോർപ്പറേഷൻ അറിയിച്ചു.