ബെംഗളൂരു : സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനനടത്തിയ നടി കങ്കണ റണൗട്ടിനെതിരേ യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകി. സംസ്ഥാന പ്രസിഡന്റ് രക്ഷ രാമയ്യയാണ് പരാതി നൽകിയത്. യൂട്യൂബ് ചാനലായ ‘ഡു പൊളിറ്റിക്‌സ്’ ഉടമ അജിത് ഭാരതിക്കെതിരേയും കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു. കങ്കണയുടെ പ്രസ്താവനയെ അനുകൂലിച്ച് യൂട്യൂബിൽ അജിത് ഭാരതി വീഡിയോ പോസ്റ്റ് ചെയ്‌തെന്നാണ് ആരോപണം.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവം എന്നപേരിൽ കേന്ദ്രസർക്കാർ വിവിധ പരിപാടികൾ നടത്തുമ്പോൾ മറുവശത്ത് സ്വാതന്ത്ര്യസമര സേനാനികൾ അവമതിക്കപ്പെടുകയാണെന്ന് രക്ഷാ രാമയ്യ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ച കങ്കണയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യ ടെലിവിഷൻചാനൽ പരിപാടിക്കിടെയാണ് കങ്കണ റണൗട്ട് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947-ൽ അല്ല, നരേന്ദ്രമോദി അധികാരത്തിൽ എത്തിയതോടെയാണെന്നായിരുന്നു അവർ പറഞ്ഞത്. ഇതിനെതിരേ വലിയ തോതിലുള്ള പ്രതിഷേധമാണുയർന്നത്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കങ്കണയുടെ പേരിൽ കേസെടുക്കുകയുംചെയ്തു.