ബെംഗളൂരു : പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതി വിവാഹം ചെയ്തെങ്കിലും അയാളുടെ പേരിൽ ചുമത്തിയ പോക്സോകേസ് ഒഴിവാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി.

തങ്ങൾ വിവാഹം കഴിച്ചെന്നും ഇപ്പോൾ ഒരു കുട്ടിയുണ്ടെന്നും കാണിച്ച് കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിയും പെൺകുട്ടിയും ചേർന്നുനൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ കലബുറഗി ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റകൃത്യത്തിന്റെ ഗൗരവസ്വഭാവവും അതിന്റെ സാമൂഹിക ആഘാതവും കണക്കിലെടുത്ത് കേസ് തള്ളാനാകില്ലെന്ന് ജസ്റ്റിസ് എച്ച്.പി. സന്ദേശ് അധ്യക്ഷനായ െബഞ്ച് നിരീക്ഷിച്ചു.

പ്രതിക്കെതിരേ വിജയപുര ബസവന ബാഗെവാഡിയിലെ പ്രത്യേക കോടതിയിൽ നടക്കുന്ന കേസ് തള്ളണമെന്നാവശ്യപ്പെട്ടാണ് പ്രതിയും പെൺകുട്ടിയും ഹൈക്കോടതിയെ സമീപിച്ചത്. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ തനിക്ക് 19 വയസ്സുണ്ടായിരുന്നതായി പെൺകുട്ടി അറിയിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല.

ഇക്കാര്യത്തിൽ വിചാരണക്കോടതിക്ക് തീർപ്പു കൽപ്പിക്കാമെന്ന് കോടതി അറിയിച്ചു.