ബെംഗളൂരു : നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പിന്തുണ തേടിയതിനുപിന്നാലെ ഏഴു സീറ്റുകളിലേക്കു മാത്രം മത്സരിച്ചാൽ മതിയെന്ന് ജെ.ഡി.എസ്. തീരുമാനം. മാണ്ഡ്യ, തുമകൂരു, മൈസൂരു, കോലാർ, ബെംഗളൂരു റൂറൽ, കുടക്, ഹാസൻ മണ്ഡലങ്ങളിലാണ് പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. 25 കൗൺസിൽ സീറ്റുകളിലേക്കാണ് ഡിസംബർ പത്തിന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ജയസാധ്യത കണക്കിലെടുത്താണ് ഏഴ് മണ്ഡലങ്ങളിൽ മാത്രം മത്സരിക്കാൻ തീരുമാനമെടുത്തതെന്ന് ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി വിശദീകരിച്ചു. പാർട്ടിക്ക് സ്ഥാനാർഥികളില്ലാത്ത മണ്ഡലങ്ങളിൽ ആരെ പിന്തുണയ്ക്കണമെന്നത് അതതിടങ്ങളിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക നേതാക്കൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ 123 മണ്ഡലങ്ങളിൽ വിജയിച്ച് മറ്റു പാർട്ടികളുടെ സഹായമില്ലാതെ ഭരിക്കുകയെന്ന ലക്ഷ്യത്തിനാണ് മുൻഗണനയെന്നും കുമാരസ്വാമി വ്യക്തമാക്കി.

കൗൺസിൽ തിരഞ്ഞെടുപ്പിൽ ജെ.ഡി.എസിന് സ്ഥാനാർഥിയില്ലാത്തയിടങ്ങളിൽ ബി.ജെ.പി.യെ പിന്തുണയ്ക്കണമെന്ന് മുതിർന്ന ബി.ജെ.പി. നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെദ്യൂരപ്പ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കുമാരസ്വാമിയുമായി സംസാരിക്കുമെന്നും പറഞ്ഞിരുന്നു.

നിലവിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത കൗൺസിലിൽ ബി.ജെ.പി. യുടെ പിന്തുണയോടെ ജെ.ഡി.എസിലെ ബസവരാജ് ഹൊരട്ടിയാണ് അധ്യക്ഷൻ. കൗൺസിലിൽ ഇത്തവണ കൂടുതൽ അംഗങ്ങളെ വിജയിപ്പിച്ച് ഭൂരിപക്ഷം നേടിയെടുക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം.

ബെലഗാവിയിൽ സ്വതന്ത്രസ്ഥാനാർഥിയായി ലഖൻ ജാർക്കിഹോളി

ബി.ജെ.പി.ക്കും കോൺഗ്രസിനും ഭീഷണി

ബെംഗളൂരു : നിയമനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബെലഗാവി മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി ലഖൻ ജാർക്കിഹോളി പത്രിക നൽകി.

ലഖനെ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ സഹോദരന്മാരും ബി.ജെ.പി. എം.എൽ.എ.മാരുമായ രമേഷ് ജാർക്കിഹോളിയും ബാലചന്ദ്ര ജാർക്കിഹോളിയും ശ്രമം നടത്തിയിരുന്നു. പാർട്ടിയുടെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളിൽ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. പക്ഷേ, ഇത് വിജയം കണ്ടില്ല. തുടർന്നാണ് സ്വതന്ത്രസ്ഥാനാർഥിയായി പത്രിക നൽകിയത്.

അടുത്തിടെ ബി.ജെ.പി. പാളയത്തിലെത്തിയ മുൻ കോൺഗ്രസ് നേതാവായ ലഖന്റെ സ്ഥാനാർഥിത്വം കോൺഗ്രസിനും ബി.ജെ.പി.ക്കും ഒരുപോലെ ഭീഷണിയായി. ബി.ജെ.പി. സ്ഥാനാർഥിയായി മഹന്ത് കവദ്ഗിമതും കോൺഗ്രസ് സ്ഥാനാർഥിയായി ചന്നരാജ് ഹട്ടിഹൊളിയുമാണ് രംഗത്തുള്ളത്.

ബെലഗാവിയിലെ രാഷ്ട്രീയരംഗത്ത് ശക്തരായ ജാർക്കിഹോളി കുടുംബാംഗമായ ലഖൻ മുൻ മന്ത്രിയായ രമേഷ് ജാർക്കിഹോളി ഉൾപ്പെട്ട അശ്ലീല വീഡിയോ വിവാദത്തെത്തുടർന്നാണ് കോൺഗ്രസുമായി വഴിപിരിഞ്ഞത്.

അശ്ലീല വീഡിയോ വിവാദത്തിനുപിന്നിൽ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുറാണെന്ന ആരോപണമുയർന്നതിനെ തുടർന്നാണിത്. ബെലഗാവി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മറ്റൊരു സഹോദരനും കെ.പി.സി.സി. വൈസ് പ്രസിഡന്റുമായ സതീഷ് ജാർക്കിഹോളി കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ലഖൻ ബി.ജെ.പി.ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.

ഇതിന്റെ തുടർച്ചയായാണ് രമേഷ് ജാർക്കിഹോളിയും ബാലചന്ദ്ര ജാർക്കിഹോളിയും ലഖന് കൗൺസിൽ സീറ്റിനായി സമ്മർദം നടത്തിവന്നത്.