മൈസൂരു : കൊട്ടാരനഗരിക്കൊത്ത പ്രൗഢിയിൽ മൈസൂരുവിൽ സിറ്റി പോലീസ് കമ്മിഷണറുടെ പുതിയ ഓഫീസ്. മൈസൂരുവിൽ സിറ്റി പോലീസ് കമ്മിഷണറേറ്റ് നിലവിൽവന്ന് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ഇതിന് സ്വന്തം ആസ്ഥാനമന്ദിരം യാഥാർഥ്യമാകുന്നത്. ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നിർവഹിച്ചതോടെ പൈതൃകനഗരത്തിന് മറ്റൊരു വിസ്മയക്കാഴ്ച കൂടിയാണ് സ്വന്തമായത്.
രാജഭരണ പാരമ്പര്യത്തെ ഓർമപ്പെടുത്തുന്ന നിരവധി കെട്ടിടങ്ങളുള്ള മൈസൂരുവിൽ അതിനിണങ്ങുംവിധമുള്ള ശില്പചാതുരിയിലാണ് പുതിയ ഓഫീസ് നിർമിച്ചിരിക്കുന്നത്. കൊട്ടാരസദൃശമായ എടുപ്പുകളോടെയുള്ള കെട്ടിടമാണ് യാഥാർഥ്യമായത്. 4,268.42 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള കെട്ടിടം 19.36 കോടി രൂപയ്ക്കാണ് പൂർത്തിയാക്കിയത്. നഗരഹൃദയത്തിലുള്ള നസർബാദിലെ മിശ്ര റോഡിലാണ് പുതിയ ഓഫീസ്.
1989-ലാണ് മൈസൂരു സിറ്റി പോലീസ് കമ്മിഷണറേറ്റ് നിലവിൽവന്നത്. നഗരത്തിലെ ലളിതമഹൽ റോഡിലുള്ള അശ്വാരൂഡസേനയുടെ ആസ്ഥാനത്തായിരുന്നു ഇതിന്റെ ഓഫീസ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് ഇത് മിശ്ര റോഡിലുള്ള രാജഭരണകാലത്തെ ബാൻഡ് ഹൗസിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി.
1997-ലായിരുന്നു ഇത്. പൈതൃകനഗരമായ ബാൻഡ് ഹൗസ് പോലീസ് കമ്മിഷണർ ഓഫീസിന് അപര്യാപ്തമായതിനെത്തുടർന്നാണ് പുതിയ ആസ്ഥാനമന്ദിരത്തിനുവേണ്ടിയുള്ള ആവശ്യമുയർന്നത്. തുടർന്ന് ബാൻഡ് ഹൗസിനു സമീപത്തുതന്നെ പുതിയ ഓഫീസ് നിർമിക്കുകയായിരുന്നു. കർണാടക പോലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
കെട്ടിടത്തിന്റെ നിർമാണം 2018-ൽ പൂർത്തിയാക്കിയിരുന്നു. കെട്ടിടമുണ്ടാക്കിയ സ്ഥലത്തെ സംബന്ധിച്ച് കോടതിയിൽ വന്ന ഒരു പൊതുതാത്‌പര്യഹർജിയെത്തുടർന്ന് നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞമാസത്തോടെ നിയമപരമായ തടസ്സങ്ങൾ ഒഴിവാകുകയും നഗരസഭ കെട്ടിടനിർമാണപൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തതോടെയാണ് ഉദ്ഘാടനത്തിന് സജ്ജമായത്. സിറ്റി ക്രൈം റെക്കോഡ് വിഭാഗം, ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസ്, പോലീസ് വെരിഫിക്കേഷൻ വിഭാഗം, വയർലെസ് വിഭാഗം, ട്രാഫിക് ഓട്ടോമേഷൻ സെന്റർ, സി.സി.ടി.വി. കൺട്രോൾവിഭാഗം, ലൈബ്രറി എന്നിവ പുതിയ ഓഫീസിന്റെ ഭാഗമാണ്.