ബെംഗളൂരു : ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവുകാരായ പ്രമുഖരുടെ എണ്ണം കൂടിയതോടെ ജയിൽ അധികൃതർ സുരക്ഷ ശക്തമാക്കി.
മുൻമന്ത്രി റോഷൻ ബെയ്ഗ്, ബെംഗളൂരു കോർപ്പറേഷൻ മുൻ മേയർ സമ്പത്ത് രാജ്, ബിനീഷ് കോടിയേരി, പ്രമുഖ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല, വ്യവസായികളായ വിരൺ ഖന്ന, ആദിത്യ അഗർവാൾ, വൈഭവ് ജെയിൻ എന്നിവർ വിവിധ കേസുകളിലായി പരപ്പന അഗ്രഹാര ജയിലിലാണ്. എല്ലാ തടവുകാർക്കും സുരക്ഷ ശക്തമാക്കിയതായി ജയിൽ അധികൃതർ അറിയിച്ചു.
വി.ഐ.പി. തടവുകാർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് മുൻകരുതൽ നടപടിയും ശക്തമാണ്. പുതുതായി ജയിലിലെത്തുന്നവരെ പ്രവേശിപ്പക്കാൻ ക്വാറന്റീൻ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്.
ജയിലിലെ ആശുപത്രിയിലാണ് ക്വാറന്റീൻ കേന്ദ്രം ഒരുക്കിയത്. കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് തടവുകാരെ സെല്ലിലേക്ക് മാറ്റുന്നത്.
പ്രതികളെ കോടതിയിൽ ഹാജരാക്കുന്നതിന് വീഡിയോ കോൺഫറൻസിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജയിൽ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് മാനദണ്ഡമനുസരിച്ചാണ് ജയിലേക്ക് പോലീസ് ഉദ്യോഗസ്ഥരെയും പ്രവേശിപ്പിക്കുന്നത്.