മൈസൂരു : ചാമരാജനഗറിലെ കോളിപാല്യയിൽ ഒരു ഗോഡൗൺ പൊളിച്ച് 50 ലക്ഷംരൂപയുടെ പാൻമസാല കവർച്ച നടത്തി. പാൻമസാലയുമായി കടന്ന സംഘത്തെ പിന്തുടർന്ന പോലീസ് മണിക്കൂറുകൾക്കുള്ളിൽ കീഴ്പെടുത്തി. പാൻമസാല പിടിച്ചെടുത്തു. സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർ രക്ഷപ്പെട്ടു.
രാജസ്ഥാൻ സ്വദേശി ജവാഹർ ലാലിന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് കവർച്ച നടന്നത്. പന്ത്രണ്ടോളം അംഗങ്ങൾ ചേർന്നാണ് കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടിലെ തിരുപ്പതി ഭാഗത്തേക്കാണ് സംഘം ഇതുമായി കടന്നത്.
പരാതി ലഭിച്ചതിനെത്തുടർന്ന് ഇവരെ പിന്തുടർന്ന ചാമരാജനഗർ പോലീസ് തിരുപ്പൂരിലെ ധർമപുരിയിൽ ഇവരെ കണ്ടെത്തി. ധർമപുരി സ്വദേശി അബ്ദുളള (21)ആണ് അറസ്റ്റിലായത്. തുടർന്ന് പാൻമസാല പോലീസ് വീണ്ടെടുത്തു. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കവർച്ചാസംഘത്തെ കീഴ്‌പ്പെടുത്തിയ പോലീസിനെ ജില്ലാ പോലീസ് സൂപ്രണ്ട് ദിവ്യ സാറാ തോമസ് അഭിനന്ദിച്ചു.