ബെംഗളൂരു : ദക്ഷിണ- പശ്ചിമ റെയിൽവേ ബംഗ്ലാദേശിലേക്കുള്ള ആദ്യത്തെ എൻ.എം.ജി. റേക്ക് (വാഹനങ്ങൾ കൊണ്ടുപോകുന്ന) ഹൊസൂർ റെയിൽവേ സ്റ്റേഷനിൽ ‘ഫ്ളാഗ് ഓഫ്’ചെയ്തു.
ബംഗ്ലാദേശിലെ ബെനപോലെ റെയിൽവേ സ്റ്റേഷനിലേക്കാണ് 25 വാഗണുകളിലായി അശോത് ലെയ്‌ലാൻഡ് നിർമിച്ച 100 വാഹനങ്ങൾ കൊണ്ടുപോയത്. നേരത്തെ പെനുകൊണ്ട റെയിൽവേ സ്റ്റേഷനിൽനിന്ന് നേപ്പാളിലേക്ക് എൻ.എം.ജി. റേക്കുകൾ സർവീസ് നടത്തിയിരുന്നു. ഓട്ടോമൊബൈലുകൾ റോഡുവഴി കൊണ്ടുപോകുന്നതിനേക്കാൾ സുരക്ഷിതം തീവണ്ടിയാണെന്ന് ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ അശോക് കുമാർ വർമ പറഞ്ഞു. ചരക്കുകൾ ട്രാക്ക് ചെയ്യാനും ഇത് എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ഡോ.എ.എൻ. കൃഷ്ണ റെഡ്ഡി, സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ അഖിൽ എം. ശാസ്ത്രി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.