കൊച്ചി : കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ രാജ്യത്തെ പത്ത് തൊഴിലാളി സംഘടനകൾ വ്യാഴാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന പൊതു പണിമുടക്കിൽ നിർബന്ധിത കടയടപ്പുകളോ വ്യവസായ, വാണിജ്യ പ്രവർത്തനങ്ങളെ തടയുന്ന നടപടികളോ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സംസ്ഥാന കൗൺസിൽ. ഇക്കാര്യം അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്ക് കത്തു നൽകി.
പൊതു പണിമുടക്ക് അപ്രഖ്യാപിത ഹർത്താലായി മാറാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടെന്നും വാണിജ്യ, വ്യവസായ മേഖല സ്തംഭിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇത് ജനങ്ങളുടെയും വാണിജ്യ സമൂഹത്തിന്റെയും താത്പര്യങ്ങൾക്ക് എതിരാണെന്നും ഫിക്കി കേരള കൗൺസിൽ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് അറിയിച്ചു.
സമാധാനപരമായി പ്രതിഷേധിക്കാൻ തൊഴിലാളി സംഘടനയ്ക്ക് അവകാശമുള്ളതു പോലെ തന്നെ വാണിജ്യ-വ്യവസായ സമൂഹത്തിന് നിർഭയമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടാകണം.
ഇനിയും പ്രവൃത്തി ദിനങ്ങൾ നഷ്ടമാകുന്നത് വാണിജ്യ മേഖലയ്ക്ക് താങ്ങാനാവില്ലെന്നും ഫിക്കി ചൂണ്ടിക്കാട്ടി.