മൈസൂരു : അതിർത്തിജില്ലയായ ചാമരാജനഗറിൽ പൈതൃകപ്രാധാന്യമുള്ള സ്ഥലങ്ങൾ കണ്ടെത്തി സംരക്ഷിക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ചാമരാജേശ്വര ക്ഷേത്രം, മലേ മഹാദേശ്വര ക്ഷേത്രം തുടങ്ങി നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന നിരവധി സ്ഥലങ്ങൾ ജില്ലയിലുണ്ട്. വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്ന ജില്ലകൂടിയാണ് ചാമരാജനഗർ.
ഇതിന്റെ ഭാഗമായി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കണ്ടെത്താനും വിവരങ്ങൾ നൽകാനും ജില്ലയിൽ ഒരു പൈതൃക സമിതിക്ക് രൂപം നൽകി. എൻജിനിയർമാരും ആർക്കിടെക്ടുകളും പുരാവസ്തുവിഭാഗം ഉദ്യോഗസ്ഥരും അടങ്ങിയതാണ് സമിതി. ഇവർ കണ്ടെത്തി പട്ടികയിലുൾപ്പെടുന്ന സ്ഥലങ്ങളെ സംരക്ഷിച്ച് പുതുതലമുറക്ക് അനുഭവവേദ്യമാക്കാൻ പദ്ധതികൾ തയ്യാറാക്കുകയാണ് ലക്ഷ്യം. ഡെപ്യൂട്ടി കമ്മിഷണർ എം.ആർ.രവിയുടെ നേതൃത്വത്തിലാണ് സമിതിക്ക് രൂപം നൽകിയത്.
സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങളെ സംബന്ധിച്ച് സമിതി ജില്ലാ ഭരണകൂടത്തിന് വേണ്ട വിവരങ്ങൾ ശേഖരിച്ച് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ അവയെ സംരക്ഷിക്കാനുള്ള പദ്ധതികൾ തയ്യാറാക്കും. ചരിത്രപ്രാധാന്യമുള്ള നിരവധി സ്ഥലങ്ങളും സ്മാരകങ്ങളും കൈയ്യേറ്റത്തിനു വിധേയമായിട്ടുണ്ടെന്നാണ് കരുതുന്നത്. പലതും അവഗണിക്കപ്പെട്ടുകിടക്കുകയുമാണ്. ഇവയുടെ സർവേയും അതിരുകൾ നിശ്ചയിക്കലും നടത്തി സംരക്ഷിക്കുന്നതിനാണ് നടപടി.
വനപ്രദേശങ്ങളും കൃഷിസ്ഥലങ്ങളും നിറഞ്ഞ ജില്ലയായ ചാമരാജനഗറിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട്. ബന്ദിപ്പുർ ദേശീയോദ്യാനവും ബി.ആർ.ടി.വന്യജീവിസങ്കേതവും ഹിമവദ് ഗോപാലസ്വാമി മലയും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്.
കേരളവും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് ചാമരാജനഗർ.