മുംബൈ : മഹാനഗരത്തിൽ കോവിഡ് പിടിപെടുന്നവരുടെ എണ്ണം പതുക്കെയാണെങ്കിലും വർധിക്കുകയാണ്. വ്യാഴാഴ്ച 497 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏഴ് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്രയും പേർക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത്. സെപ്റ്റംബർ 15-ന് 514 പേർക്ക് രോഗം സ്ഥിരീകരിച്ചതിന് ശേഷം എല്ലാ ദിവസവും 500-ൽ താഴെയായിരുന്നു രോഗികൾ. മാത്രമല്ല നഗരത്തിൽ അഞ്ചിലധികം കോവിഡ് രോഗികളുള്ള ബഹുനില കെട്ടിടങ്ങളുടെ എണ്ണം 51-ലേക്കുയർന്നു. മാസങ്ങൾക്കുശേഷമാണ് ഇത് 50 കടക്കുന്നത്. വ്യാഴാഴ്ച 395 പേരാണ് ആശുപത്രി വിട്ടത്. ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 7.39 ലക്ഷവും രോഗമുക്തരുടെ എണ്ണം 7.16 ലക്ഷവുമായി. നിലവിൽ ചികിത്സയിലുള്ളത് 4,801 പേരാണ്. 24 മണിക്കൂറിനുള്ളിൽ അഞ്ചുപേർ മരിച്ചപ്പോൾ ആകെ മരണം 16,068 ആയി വർധിച്ചു. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് ഇപ്പോൾ 1,203 ദിവസത്തിലാണ്. സംസ്ഥാനത്ത് വ്യാഴാഴ്ച 3,320 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം പിടിപെട്ടവരുടെ എണ്ണം 65.34 ലക്ഷത്തിലേക്കെത്തി. 4,050 പേർ ആശുപത്രി വിട്ടതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 63.53 ലക്ഷമായി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 39,191 ആയി വർധിച്ചു. 24 മണിക്കൂറിനുള്ളിൽ മരിച്ചത് 61 പേരാണ്. ആകെ മരണം 1,38,725 ലേക്കുയർന്നു.