ബെംഗളൂരു : കർണാടകത്തിൽ ക്രിസ്ത്യൻ സമുദായത്തിലേക്ക് നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന ആരോപണത്തിൽ കത്തോലിക്കാ ബിഷപ്പുമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെക്കണ്ട് ആശങ്ക പ്രകടിപ്പിച്ചു. ബെംഗളൂരു ആർച്ച് ബിഷപ്പ് റവ. പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിലുള്ള ബിഷപ്പുമാരാണ് മുഖ്യമന്ത്രിയെക്കണ്ട് ആശങ്കയറിയിച്ചത്.

മതപരിവർത്തനത്തിനെതിരേ നിയമം കൊണ്ടുവരാനുള്ള നീക്കം അനാവശ്യമായ സാമുദായിക പ്രശ്നങ്ങളുണ്ടാക്കുമെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഹൊസദുർഗ ബി.ജെ.പി. എം.എൽ.എ. ഗൂളിഹട്ടി ശേഖറാണ് സംസ്ഥാനത്ത് മതപരിവർത്തനം വ്യാപകമാണെന്ന് നിയമസഭയിൽ പറഞ്ഞത്. തന്റെ അമ്മയുൾപ്പെടെ ഇരുപതിനായിരത്തോളംപേരെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം നടത്തിയെന്നും എം.എൽ.എ. പറഞ്ഞു. ഇതിനു പിന്നാലെ മതപരിവർത്തനം തടയാൻ സർക്കാർ നിയമം കൊണ്ടുവരുന്നത് പരിഗണിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിക്കുകയായിരുന്നു.

സംസ്ഥാനത്തെ ഓരോ ബിഷപ്പിന്റെയും കീഴിൽ സ്കൂളുകളും കോളേജുകളും ആശുപത്രികളും പ്രവർത്തിക്കുന്നുണ്ടെന്നും ഇവിടങ്ങളിൽ ഒരു ലക്ഷത്തോളം കുട്ടികൾ ഉള്ളവരിൽ ആരോടും ക്രിസ്ത്യൻ മതത്തിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും റവ. പീറ്റർ മച്ചാഡോ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരിനു കീഴിൽ ക്രിസ്ത്യൻ വികസന ബോർഡ് രൂപവത്കരിക്കണമെന്നും പുതിയ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിനായുള്ള കമ്മിറ്റികളിൽ ക്രിസ്ത്യൻ മാനേജ്‌മെന്റുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നും ബിഷപ്പുമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.