ബെംഗളൂരു : വിദ്യാർഥികളുടെ തൊഴിൽ ക്ഷമതയുടെ കാര്യത്തിൽ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ലോകത്തിലെ മികച്ച 500 സർവകലാശാലകളുടെ പട്ടികയിൽ ഇടം നേടി. ഈ വർഷത്തെ ക്യൂ.എസ്. ലോക സർവകലാശാലാ റാങ്കിങ്ങിലാണ് ഈ നേട്ടം. ഇന്ത്യയിലെ ആറ് ഐ.ഐ.ടി.കളുൾപ്പെടെ 12 ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പട്ടികയിൽ ഇടംനേടി. ഇതിൽ മുംബെ ഐ.ഐ.ടി.യാണ് റാങ്കിങ്ങിൽ മുൻപന്തിയിൽ. 101-110 റാങ്ക് പരിധിയിലാണ് ഇതിന്റെ സ്ഥാനം.

ഡൽഹി (131-140 റാങ്ക് പരിധി), മദ്രാസ് (151-160 റാങ്ക് പരിധി), ഖൊരഗ്പുർ (201-250 റാങ്ക് പരിധി), കാൺപുർ (251-300 റാങ്ക് പരിധി), റൂർക (500 റാങ്ക്) എന്നിവയാണ് പട്ടികയിലെ മറ്റുള്ള ഐ.ഐ.ടി.കൾ.

ബെംഗളൂരു ഐ.ഐ.എസ്.സി. 301-500 റാങ്ക് പരിധിയിലാണ് ഉൾപ്പെട്ടത്. സ്വകാര്യ സർവകലാശാലയായ ഒ.പി. ജിൻഡൽ ഗ്ലോബൽ സർവകലാശാലയും ഈ റാങ്ക് പരിധിയിലെത്തി. ഡൽഹി, മുംബൈ, കൊൽക്കത്ത സർവകലാശാലകളും പട്ടികയിലുണ്ട്. മുംബൈ സർവകലാശാലയും സ്വകാര്യ സർവകലാശാലയായ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസും 251-300 റാങ്ക് പരിധിയിൽ ഉൾപ്പെട്ടു.

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനുകീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ റാങ്കിങ് ഫ്രെയിംവർക്ക് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുവേണ്ടി നടത്തിയ ഈ വർഷത്തെ റാങ്കിങ്ങിൽ മികച്ച ഗവേഷണ സ്ഥാപനമായി ബെംഗളൂരു ഐ.ഐ.എസ്.സി. തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓവറോൾ വിഭാഗത്തിൽ രണ്ടാംസ്ഥാനവും ഐ.ഐ.എസ്.സി.ക്കായിരുന്നു.