ബെംഗളൂരു : കോവിഡിന്റെ മൂന്നാംതരംഗം നേരിടാൻ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കുട്ടികൾക്കായി മാറ്റിവെക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ നിയമസഭയിൽ പറഞ്ഞു. മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന മുന്നറിയിപ്പുകളെ തുടർന്നാണ് ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കുന്നത്. ഒക്ടോബറോടെ സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനമുണ്ടാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

കുട്ടികൾക്കായി ജില്ലാ, താലൂക്ക് ആശുപത്രികളിലെയും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെയും 20 ശതമാനം കിടക്കകൾ മാറ്റിവെക്കുമെന്നും മൂന്നാംഘട്ട വ്യാപനത്തെ നേരിടാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്നും സുധാകർ പറഞ്ഞു.

ഓക്സിജൻ സൗകര്യമുള്ള 25,870 കിടക്കകളും 502 പീഡിയാട്രിക് വെന്റിലേറ്ററുകളും സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ഒരുക്കിയിട്ടുണ്ട്. 285 പീഡിയാട്രിഷ്യൻമാർ, 1250 മെഡിക്കൽ ഓഫീസർമാർ, 1202 നഴ്‌സുമാരും 85 പീഡിയാട്രിഷ്യന്മാരും ഉൾപ്പെടെയുള്ളവരെ ജൂലായിൽ നിയമിച്ചിട്ടുണ്ട്. ഇവർക്ക് കോവിഡ് ചികിത്സക്കായി പ്രത്യേക പരിശീലനം നൽകിവരുകയാണ്. വിജയനഗർ കോൺഗ്രസ് എം.എൽ.എ. എം. കൃഷ്ണപ്പയുടെ ചോദ്യത്തിന് മറുപടിയായാണ് മൂന്നാംതരംഗം നേരിടാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രി വിശദീകരിച്ചത്.