മൈസൂരു

: കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ കാരണം കയറ്റുമതി തടസ്സപ്പെട്ടതോടെ കർണാടകത്തിൽ ഇഞ്ചിയുടെ വില കുത്തനെ ഇടിയുന്നു. പല കൃഷിയിടങ്ങളിലും വൻതോതിൽ ഇഞ്ചി കെട്ടിക്കിടക്കുകയാണ്. മൈസൂരു, ചാമരാജനഗർ, ഹാസൻ, ചിക്കമംഗളൂരു എന്നീ ജില്ലകൾ ഉൾപ്പെടുന്ന പഴയ മൈസൂരു മേഖലയിലാണ് പ്രധാനമായും ഇഞ്ചികൃഷി നടക്കുന്നത്.

വിലയിടിവ് കാരണം ഏറെ ആശങ്കയിലാണ് ഈ മേഖലയിൽ ഇഞ്ചിക്കൃഷി ചെയ്യുന്ന മലയാളി കർഷകരിപ്പോൾ.

ഏറെ ലാഭസാധ്യതയുള്ളതിനാൽ കേരളത്തിൽനിന്നുള്ള ഒട്ടേറെ കർഷകർ കർണാടകത്തിൽ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി ചെയ്യുന്നുണ്ട്. എന്നാൽ, വിലയിടിഞ്ഞതു ഇവരെയെല്ലാം ബാധിച്ചു. ലക്ഷക്കണക്കിനു രൂപ നൽകിയാണ് സ്ഥലം പാട്ടത്തിനെടുക്കുന്നത്. ഒരേക്കറിനു ഒന്നുമുതൽ 1.40 ലക്ഷം രൂപവരെയാണ് 18 മാസത്തേക്ക് പാട്ടത്തിനെടുക്കാൻ ഭൂവുടമകൾക്ക് കർഷകർ നൽകുന്നത്.

ആറുലക്ഷത്തോളം രൂപയാണ് ഒരേക്കറിൽ കൃഷിയിറക്കാൻ വേണ്ടിവരുക. കുറഞ്ഞതു അഞ്ചേക്കറിലെങ്കിലും കൃഷിചെയ്താൽ മാത്രമേ മതിയായ ലാഭംകിട്ടൂ. അതിനാൽ, കൃഷിക്കായി ലക്ഷക്കണക്കിനു രൂപയാണ് കർഷകർ മുടക്കുന്നത്. രണ്ടുവർഷം മുമ്പ് 60 കിലോഗ്രാം ഇഞ്ചിക്ക് 3000-4000 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 1600 രൂപയായി ഇടിഞ്ഞുവെന്ന് കർഷകർ പറയുന്നു. മറ്റു വിളകളെപ്പോലെ ഇഞ്ചി സംഭരിക്കാൻ സർക്കാർ പദ്ധതികളൊന്നുമില്ലാത്തതിനാൽ കനത്ത സാമ്പത്തികനഷ്ടമാണ് നേരിടുന്നതെന്നും അവർ വ്യക്തമാക്കി.

മഹാമാരിയാണ് വിലയിടിയാനുള്ള പ്രധാന കാരണമെന്ന് രാജ്യ റൈത്ത സംഘ സംസ്ഥാന പ്രസിഡന്റും ഇഞ്ചി കർഷകനുമായ ബി. നാഗേന്ദ്ര പറഞ്ഞു. ഇഞ്ചിയുടെ ഏറ്റവും വലിയ ആഭ്യന്തരവിപണികളിലൊന്നാണ് കേരളം. എന്നാൽ, കോവിഡ് കാരണം കേരളത്തിൽ വിൽപ്പന തടസ്സപ്പെട്ടിരിക്കുകയാണ്. കയറ്റുമതി കുറഞ്ഞതിനാൽ കർഷകർ പ്രതിസന്ധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണഗതിയിൽ ഫെബ്രുവരിയിലാണ് പഴയ മൈസൂരു മേഖലയിൽ ഇഞ്ചിക്കൃഷി ആരംഭിക്കുക. നവംബറിലോ ഡിസംബറിലോ ആണ് വിളവെടുപ്പ് നടക്കുക. വരാനിരിക്കുന്ന വിളവെടുപ്പ് സമയത്ത് വില വീണ്ടും താഴോട്ടു പോകുമോയെന്നാണ് കർഷകരുടെ ആശങ്ക.