ബെംഗളൂരു : വിശ്വേശ്വരയ്യ സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എൻജിനയറിങ് കോളേജുകളിൽ ബി.എസ്‌സി. കോഴ്‌സുകൾ തുടങ്ങുന്നു. കർണാടകത്തിലെ ഏക സാങ്കേതിക സർവകലാശാലയാണിത്. ഇതിന്റെ കീഴിലുള്ള 66 എൻജിനിയറിങ് കോളേജുകളിൽ ബിരുദ കോഴ്‌സുകൾ തുടങ്ങാനാണ് ആലോചന. ഇതോടെ ഈ കോളേജുകളിൽ എൻജിനിയറിങ്ങിനൊപ്പം ബിരുദ കോഴ്‌സുകളിലും വിദ്യാർഥികൾക്ക് പ്രവേശനം നേടാം.

സർവകലാശാലയ്ക്ക് കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ ബിരുദ കോഴ്‌സുകൾ തുടങ്ങാനുള്ള സൗകര്യങ്ങളും ഫാക്കൽറ്റിയും നിലവിലുള്ളവയെയാണ് പരിഗണിച്ചത്. ഇതിൽ സ്വകാര്യ കോളേജുകളും ഉൾപ്പെട്ടിട്ടുണ്ട്. ഈ അധ്യയനവർഷംതന്നെ കോഴ്‌സുകൾ തുടങ്ങാനാണ് തീരുമാനം. സർക്കാരിന്റെ അംഗീകാരം ലഭിച്ച ശേഷം പ്രവേശനം തുടങ്ങും.

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നിയമത്തിന്റെ ചുവടുപിടിച്ചായിരിക്കും കോഴ്‌സുകൾ. ഇതനുസരിച്ച് നാലുവർഷ ബി.എസ്‌സി. ഓണേഴ്‌സ് കോഴ്‌സാകും ആരംഭിക്കുകയെന്ന് വൈസ് ചാൻസലർ പ്രൊഫ. കാരിസിദ്ധപ്പ പറഞ്ഞു. സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ഫിസിക്സ്, കണക്ക് വിഷയങ്ങളിൽ മികച്ച ഫാക്കൽറ്റികളുണ്ട്. ഇതുപയോഗപ്പെടുത്തി പഠനം വിപുലീകരിക്കാനാകുമെന്നും പറഞ്ഞു.