മുംബൈ : ഒക്ടോബർ ഒമ്പതിനവസാനിച്ച രണ്ടാഴ്ചക്കാലത്ത് രാജ്യത്തെ വായ്പാ വളർച്ച 5.66 ശതമാനമായി ഉയർന്നു. 72,357 കോടി രൂപയുടെ വർധനയാണ് ഇക്കാലത്തുണ്ടായത്. സെപ്റ്റംബർ 25-ന് അവസാനിച്ച രണ്ടാഴ്ചക്കാലത്ത് 44,210 കോടി രൂപയുടെ വർധനയുമായി വായ്പാ വളർച്ച 5.14 ശതമാനമായിരുന്നു. രാജ്യത്തെ വ്യാവസായിക പ്രവർത്തനങ്ങൾ സാവധാനം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് ഇതു നൽകുന്നത്.

റിസർവ് ബാങ്കിന്റെ കണക്കു പ്രകാരം ഒക്ടോബർ ഒമ്പതിന് അവസാനിച്ച ആഴ്ചയിൽ ആകെ 103.43 കോടി രൂപയുടെ വായ്പകളാണ് രാജ്യത്തെ വാണിജ്യ ബാങ്കുകൾ നൽകിയിട്ടുള്ളത്. 2019 ഒക്ടോബർ 11-ന് അവസാനിച്ച രണ്ടാഴ്ചക്കാലത്തിത് 97.89 ലക്ഷം കോടി രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വായ്പാ വളർച്ച 8.8 ശതമാനമാണ്. ബാങ്കുകളിലെ നിക്ഷേപങ്ങളിലും നേരിയ പുരോഗതി പ്രകടമാണ്. സെപ്റ്റംബർ 25-ന് അവസാനിച്ച രണ്ടാഴ്ചക്കാലത്തെ 10.51 ശതമാനത്തിൽനിന്ന് നിക്ഷേപം 10.54 ശതമാനമായാണ് ഉയർന്നത്. 39,949 കോടി രൂപയുടെ വർധനയോടെ നിക്ഷേപം 143.02 ലക്ഷം കോടി രൂപയിലെത്തി. സെപ്റ്റംബർ അവസാനമിത് 142.62 ലക്ഷം കോടിയായിരുന്നു.