ബെംഗളൂരു : തെക്കൻ കേരളത്തിലേക്കുള്ള കെ.എസ്.ആർ. ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ഓടിത്തുടങ്ങി. വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു ബെംഗളൂരുവിൽനിന്നുള്ള ആദ്യ സർവീസ്. ഏറെ നാളുകൾക്കുശേഷമുള്ള സർവീസ് ആണെങ്കിലും ആദ്യ ദിനം യാത്രക്കാർ പൊതുവേ കുറവായിരുന്നു. നവംബർ 30 വരെ എല്ലാദിവസവും കന്യാകുമാരിയിലേക്ക് സർവീസുണ്ടാകും. തെക്കൻ കേരളത്തിലേക്കുള്ള യാത്രക്കാർക്ക് ഏറെ സഹായകമാകുന്നതാണ് ഈ തീവണ്ടി. രാത്രി എട്ടിന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം വൈകീട്ട് അഞ്ചിന് കന്യാകുമാരിയിൽ എത്തും. തിരിച്ച് കന്യാകുമാരിയിൽനിന്ന് രാവിലെ പത്തിന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.25-ന് ബെംഗളൂരുവിലെത്തുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഉത്സവകാല പ്രത്യേക സർവീസായിട്ടാണ് തീവണ്ടി ഓടുക. നേരത്തേ കണ്ണൂരിലേക്കും തീവണ്ടിസർവീസ് പുനരാരംഭിച്ചിരുന്നു.