വധശിക്ഷ നൽകാൻ നിയമഭേദഗതി വേണം

ബെംഗളൂരു : കൂട്ടബലാത്സംഗം കൊലപാതകത്തേക്കാൾ ഭീകരമാണെന്നും ഇത്തരം കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകാൻ ശിക്ഷാനിയമം ഭേദഗതി ചെയ്യണമെന്നും കർണാടക ഹൈക്കോടതി. ബെംഗളൂരു ജ്ഞാനഭാരതി കാമ്പസിന് സമീപം നിയമവിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എഴുപേർക്ക് കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ശരിവെച്ച് ജസ്റ്റിസ് ബി. വീരപ്പ, ജസ്റ്റിസ് കെ. നടരാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദേശം മുന്നോട്ടുവെച്ചത്. ശിക്ഷയിൽനിന്ന് ഇളവു ലഭിക്കാൻ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് 74 വർഷം ആയിട്ടും സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ ഡിവിഷൻ ബെഞ്ച് ആകുലത പ്രകടിപ്പിച്ചു.

2012 ഒക്ടോബർ 13-നായിരുന്നു 21-കാരി കൂട്ടബലാത്സംഗത്തിനിരയായത്. പ്രതികളായ രാമു, ശിവണ്ണ, ഇളയ, ഇരയ്യ, രാജാ, ദോഡ്ഡ ഇരയ്യ എന്നിവർക്കാണ് മൈസൂരു ജില്ലാ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത പ്രതിയെ മൂന്നുവർഷത്തേക്ക് സ്റ്റേറ്റ് ഹോമിലേക്ക് അയച്ചിരുന്നു. സമൂഹത്തിലെ സ്ത്രീകളെ ബഹുമാനിക്കാനും അതിനായി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും സർക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാധ്യമങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

മരണമില്ലാത്ത കൂട്ടബലാത്സംഗത്തിന് ഐ.പി.സി. 376 ഡി വകുപ്പ് പ്രകാരം വധശിക്ഷയില്ല. ഒന്നോ അതിൽകൂടുതൽ ആളുകളോ ചേർന്ന് സ്ത്രീയെ ബലാത്സംഗം ചെയ്താൽ 20 വർഷത്തിൽ കുറയാതെയും ജീവിതാവസാനം വരെയും കഠിനതടവ് മാത്രമാണുള്ളത്. എല്ലാത്തരം കൂട്ടബലാത്സംഗത്തിനും വധശിക്ഷ ഉൾപ്പെടുത്തുന്നതിനായി ദേശീയതലത്തിൽ നിലവിലുള്ള നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി നിർദേശിച്ചു. ഒക്ടോബർ 13-ന് രാത്രി ഒമ്പതരയോടെ നേപ്പാൾ സ്വദേശിനിയായ യുവതിയും സുഹൃത്തും പുറത്തുപോയി തിരിച്ചുവരവേ പ്രതികൾ പെൺകുട്ടിയെ ആക്രമിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികളെ നിയമത്തിനു മുമ്പിലെത്തിക്കാൻ നിയമവിദ്യാർഥിനി നടത്തിയ പോരാട്ടവും ധൈര്യവും പ്രശംസാർഹമാണെന്നും കോടതി വ്യക്തമാക്കി.