ബെംഗളൂരു : സംസ്ഥാനത്തെ ഫാക്ടറികളിൽ ജീവനക്കാരുടെ ജോലിസമയം ദിവസം എട്ടുമണിക്കൂറിൽനിന്ന് 10 മണിക്കൂറാക്കി ഉയർത്തി. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം തൊഴിൽവകുപ്പ് പുറപ്പെടുവിച്ചു.
ആഴ്ചയിൽ 60 മണിക്കൂർ ജോലി ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. 1948-ലെ ഫാക്ടറീസ് ആക്ട് പ്രകാരം ഫാക്ടറികളിലെ ജീവനക്കാരുടെ ജോലി സമയം കൂട്ടാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ട്.
അതേസമയം, ജോലിസമയം കൂട്ടിയ സർക്കാർ നടപടിക്കെതിരേ ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയൻസ് (എ.ഐ.സി.സി.ടി.യു.) രംഗത്തെത്തി. ജീവനക്കാരെ അടിമപ്പണിയിലേക്ക് തള്ളിവിടുന്നതിന് തുല്യമാണിതെന്ന് ഇവർ ആരോപിച്ചു.
സംസ്ഥാനത്തെ തൊഴിൽനിയമങ്ങൾ ഭേദഗതിചെയ്യാനുള്ള നീക്കം ഈ മാസം ആദ്യം സർക്കാർ നടത്തിയിരുന്നു. ഇതിനെതിരേ പ്രതിഷേധമുയർന്നതോടെ തൊഴിൽവകുപ്പ് സെക്രട്ടറി മണിവണ്ണൻ വ്യവസായികളുമായി ചർച്ചനടത്തി. മിനിമംവേതനം, പ്രോവിഡന്റ് ഫണ്ട്, ഇൻഷുറൻസ് തുക എന്നിവ കുറയ്ക്കണമെന്നുമായിരുന്നു ചർച്ചയിൽ വ്യവസായികൾ ആവശ്യപ്പെട്ടത്.