ബെംഗളൂരു : മൂന്നുദിവസമായി പെയ്യുന്ന മഴ വെള്ളിയാഴ്ച ശക്തിയാർജിച്ചതോടെ സംസ്ഥാനത്ത് പ്രളയസമാന സാഹചര്യം. വടക്കൻ ജില്ലകളിലും തീരദേശ ജില്ലകളിലും ഒട്ടേറെപ്രദേശങ്ങൾ വെള്ളം കയറിയതിനെത്തുടർന്ന് ഒറ്റപ്പെട്ടു. ചിക്കമഗളൂരുവിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് ഒരാളും ഉത്തരകന്നഡ ജില്ലയിൽ വെള്ളക്കെട്ടിൽ വീണ് രണ്ടുപേരും മരിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തരകന്നഡ, ശിവമോഗ, ചിക്കമഗളൂരു, ഹാസൻ, കുടക് ജില്ലകളിൽ ശനിയാഴ്ച ഉച്ചവരെ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഴ കനത്തതോടെ കൃഷ്ണ നദി കരകവിഞ്ഞതിനെത്തുടർന്ന് ബെലഗാവി, ഹവേരി, ധാർവാഡ് ജില്ലകളിൽ ജനജീവിതം താറുമാറായി. ബെലഗാവിയിലെ ചിക്കോടി, നിപ്പുണി എന്നിവിടങ്ങളിൽ ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. ഹെലികോപ്റ്ററിലാണ് പ്രദേശവാസികളെ താത്‌കാലിക ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിയത്. മഹാരാഷ്ട്രയിലെ ജലസംഭരണികളുടെ ഷട്ടറുകൾ തുറന്നതോടെയാണ് അതിർത്തി ജില്ലകളിൽ വെള്ളം ഇരച്ചെത്തിയത്. സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്ന് ജില്ലാഭരണകൂടങ്ങൾ അറിയിച്ചു.

ചിക്കമഗളൂരു, കുടക്, ശിവമോഗ തുടങ്ങിയ ജില്ലകളിൽ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഗ്രാമീണ റോഡുകളും പാലങ്ങളും തകർന്നു. റോഡുകൾ തകർന്നതോടെ പല ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധവും തകരാറിലായി. സംസ്ഥാനത്തെ 13 ജില്ലകളിലായി ഹെക്ടർ കണക്കിന് കൃഷി നശിച്ചതായാണ് പ്രാഥമിക നിഗമനം.

സംസ്ഥാന ദുരന്തനിവാരണ സേനയുടെ കണക്കനുസരിച്ച് മൂന്നുദിവസത്തിനുള്ളിൽ 500 മില്ലിമീറ്റർ മഴയാണ് വിവിധ ജില്ലകളിൽ ലഭിച്ചത്. കുടക്, ശിവമോഗ ഉൾപ്പെടെയുള്ള ജില്ലകളിൽ ദേശീയദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും സംഘങ്ങൾ ക്യാമ്പുചെയ്തുവരികയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട 13 അണക്കെട്ടുകളിലും ജലനിരപ്പ് കുത്തനെ ഉയർന്നു.

ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി

ബെംഗളൂരു : സംസ്ഥാനത്ത് തുടരുന്ന കനത്തമഴയിൽ നിലവിൽ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും ജില്ലാഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എ. മാരും മന്ത്രിമാരും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.