ബെംഗളൂരു : യെദ്യൂരപ്പയുടെ രാജിക്കാര്യത്തിൽ പാർട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഞായറാഴ്ച വരുമെന്ന പ്രതീക്ഷയിൽ പുതിയ മുഖ്യമന്ത്രി ആരായിരിക്കണമെന്ന ചർച്ച ബി.ജെ.പി.യിൽ ചൂടുപിടിച്ചു.

ദേശീയ നേതൃത്വം ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയ്യാറാണെന്നും ഞായറാഴ്ചയോടെ തീരുമാനം വരുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പിൻഗാമിയെകുറിച്ചുള്ള ചർച്ചകൾ സജീവമായത്. മന്ത്രിസഭയിൽ കൂടുതൽ സജീവമായവരുടെ പേരുകൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാൻ ദേശീയ നേതൃത്വത്തിന്റെ കൈവശമുണ്ടെന്ന് റവന്യൂമന്ത്രി ആർ. അശോക പറഞ്ഞു. ചില എം.എൽ.എ.മാരുടെ പേരുകളും ഇതിലുണ്ട്. സംസ്ഥാനത്തിന്റെ താത്‌പര്യം മുൻനിർത്തി നേതൃത്വം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിഗണനയിലുളളവരിൽ താനും ഉണ്ടാകാമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം തീരുമാനമെടുക്കുമെന്നും വൊക്കലിഗ സമുദായത്തിലെ പ്രമുഖ നേതാവായ അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രിസ്ഥാനത്തേക്ക് സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന നേതാവിനെയല്ല ദേശീയ നേതൃത്വം പരിഗണിക്കുന്നതെന്നും മൂന്നുപേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കാട്ടീലിന്റെ പേരിൽ പുറത്തുവന്ന ഫോൺ സന്ദേശത്തിൽ പറഞ്ഞിരുന്നു. ദേശീയതലത്തിൽ പ്രവർത്തിക്കുന്നവരെ പരിഗണിക്കുന്നതിൽ സംസ്ഥാനത്തുള്ളവർക്ക് പ്രതിഷേധമുണ്ടെന്നാണ് സൂചന. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി എന്നിവരുടെ പേരുകളാണ് ദേശീയ തലത്തിൽ ഉയരുന്നത്.

അതിനിടെ, പുതിയ മുഖ്യമന്ത്രിയായി പട്ടികജാതിയിൽപ്പെട്ട ഒരാളുടെ പേരു നിർദേശിക്കാൻ ബി.ജെ.പി.യെ വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ രംഗത്തെത്തി. വിവിധ സംസ്ഥാനങ്ങളിലായി കോൺഗ്രസ് നാല് പട്ടികജാതി നേതാക്കളെ മുഖ്യമന്ത്രിമാരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.