ബെംഗളൂരു : നഗരത്തിലെ റോഡുകളിൽ അപകടകരമാംവിധം ബൈക്ക് അഭ്യാസപ്രകടനങ്ങൾ (ബൈക്ക് വീലി) നടത്തിയ അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഔട്ടർ റിങ് റോഡിൽ നാഗർഭവിക്കും സുമനഹള്ളിക്കുമിടയിൽ സ്‌കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയ രണ്ടുപേരെയും ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ ഒരാളെയും കാമാക്ഷിപാളയ ട്രാഫിക് പോലീസാണ് അറസ്റ്റു ചെയ്തത്. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്തു. നൈസ് റോഡിൽ ഹൊസകെരെഹള്ളിക്കു സമീപം അഭ്യാസപ്രകടനം നടത്തിയയാളെ ബൈട്ടരായനപുര പോലീസും ഉത്തരഹള്ളി മെയിൻ റോഡിൽ അഭ്യാസപ്രകടനം നടത്തിയയാളെ കെ.എസ്. ലേഔട്ട് പോലീസും പിടികൂടി. തിരക്കേറിയ റോഡുകളിൽ ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് മറ്റു വാഹനയാത്രക്കാർക്കും അപകടഭീഷണിയാണ്. ഹെൽമെറ്റു പോലും വെക്കാതെയാണ് ചെറുപ്പക്കാർ ഇത്തരം അഭ്യാസപ്രകടനങ്ങൾ കാണിക്കുന്നത്.