ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് ജോഗ് വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാര പാക്കേജുമായി കർണാടക ആർ.ടി.സി. വെള്ളിയാഴ്ച രാത്രി 10.30-ന് ആദ്യ സർവീസ് പുറപ്പെട്ടു. 30 സീറ്റുള്ള നോൺ എ.സി. സ്ലീപ്പർ ബസാണ് സർവീസ് നടത്തുന്നത്. മുഴുവൻസീറ്റിലും യാത്രക്കാരുമായിട്ടായിരുന്നു ആദ്യസർവീസ്. നിലവിൽ വാരാന്ത്യങ്ങളിൽ മാത്രമാണ് സർവീസുള്ളത്. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ കൂടുതൽദിവസങ്ങളിൽ സർവീസ് നടത്താനാണ് കർണാടക ആർ.ടി.സി.യുടെ നീക്കം.

ആദ്യമായാണ് ബെംഗളൂരുവിൽനിന്ന് ജോഗ് വെള്ളച്ചാട്ടത്തിലേക്ക് കർണാടക ആർ.ടി.സി. ടൂർപാക്കേജ് ഒരുക്കുന്നത്.

പുലർച്ചെ 5.30-ന് ബസ് ശിവമൊഗയിലെ സാഗറിലെത്തും. തുടർന്ന് സഞ്ചാരികൾക്ക് ഹോട്ടൽമുറികളിലെത്തി വിശ്രമിക്കാം. ഇവിടുന്ന് സഞ്ചാരികളെ വരദഹള്ളിയിലെ ശ്രീധര ആശ്രമം, വരദമൂല, ഇക്കേരി, കെലഡി, ജോഗ് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കു കൊണ്ടുപോകും. ഉച്ചഭക്ഷണം നഗരത്തിലെ ഹോട്ടലിൽനിന്ന് നൽകും. വൈകീട്ട് ഷോപ്പിങ്ങിന് സമയമുണ്ടാകും. തുടർന്ന് സാഗറിൽനിന്ന് ബെംഗളൂരുവിലേക്ക് ബസ് മടക്കയാത്ര ആരംഭിക്കും. 2011 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 1800 രൂപയാണ് നിരക്ക്. നിലവിൽ വാരാന്ത്യങ്ങളിൽ എണ്ണായിരത്തോളം സഞ്ചാരികളും ഇടദിവസങ്ങളിൽ നാലായിരത്തോളം സഞ്ചാരികളും ജോഗ് വെള്ളച്ചാട്ടം സന്ദർശിക്കാനെത്തുന്നുണ്ട്.