ബെംഗളൂരു : ബെംഗളൂരുവിൽ പോലീസ് ഗുണ്ടപ്പട്ടികയിൽ പേരുള്ളവരുടേയും സഹായികളുടെയും വീടുകളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വിൽസൻഗാർഡൻ നാഗ, സൈക്കിൾ രവി, സൈലന്റ് സുനിൽ, ജെ.ബി. നാരായൺ എന്നിവരുടെയും സഹായികളുടെയും വീടുകളിലാണ് പരിശോധന നടത്തിയത്. ഇവർക്ക് പല കൊലപാതകങ്ങളിലും പണം തട്ടൽ കേസുകളിലും വസ്തുതർക്കം അനധികൃതമായി ഒത്തുതീർപ്പാക്കിയതിലും പങ്കുണ്ടെന്ന് പോലീസ് ജോയന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. വിൽസൻഗാർഡൻ നാഗയുടെ വീട്ടിൽനിന്ന് രണ്ടു ലക്ഷംരൂപയും കഠാരയും കണ്ടെടുത്തു. മറ്റുള്ളവരുടെ വീടുകളിൽനിന്നും ആയുധങ്ങളും വസ്തുരേഖകളും പണവും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.