ബെംഗളൂരു : ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള ദേവര ചിക്കനഹള്ളിയിലെ ബഹുനില പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ മരണത്തിനു കീഴടങ്ങിയ ഭാഗ്യരേഖയ്ക്കും (59), അമ്മ ലക്ഷ്മീദേവിയ്ക്കും (82)സംഭവിച്ചത് അപ്രതീക്ഷിത ദുരന്തം. തീച്ചുരുളുകൾക്കും ഇരുമ്പുഗ്രില്ലിനും ഇടയിൽപ്പെട്ട് രക്ഷപ്പെടാനാകാതെ ലക്ഷ്മീദേവി വാവിട്ടുനിലവിളിക്കുന്ന ദൃശ്യം സംഭവത്തിന് ദൃക്‌സാക്ഷിയായവരിലൊരാൾ പകർത്തിയത് നടുക്കുന്ന കാഴ്ചയായി.

വീടിന്റെ അകം നിറയെ തീച്ചുരുളുകൾ നിറഞ്ഞപ്പോൾ രക്ഷപ്പെടാനായി മട്ടുപ്പാവിലേക്ക് ഓടുകയായിരുന്നു. പക്ഷേ, ബാൽക്കണിയിൽ സുരക്ഷക്കുവേണ്ടി സ്ഥാപിച്ച ഇരുമ്പുഗ്രിൽ അവർക്ക് കെണിയായി മാറി. പിന്നെ തീച്ചുരുളുകൾക്ക് കീഴടങ്ങുകയല്ലാതെ വേറെ മാർഗമുണ്ടായില്ല.

അമേരിക്കയിലുള്ള മകളുടെ വീട്ടിൽപ്പോയി മടങ്ങിവന്നതിന്റെ പിറ്റേന്നാണ് ഭാഗ്യരേഖയെ ദുരന്തം ഏറ്റുവാങ്ങിയത്. ഭർത്താവ് ഭീംസെൻ റാവുവും ഭാഗ്യരേഖയും തിങ്കളാഴ്ച തിരിച്ചെത്തിയതായിരുന്നു.

72 വീടുകളുള്ള പാർപ്പിട സമുച്ചയത്തിൽ 210-ാം നമ്പർ ഫ്ലാറ്റാണ് ഇവരുടേത്. തൊട്ടു ചേർന്ന ഫ്ലാറ്റിൽ ഇവരുടെ മറ്റൊരു മകൾ പ്രീതി താമസിക്കുന്നുണ്ട്. യാത്ര കഴിഞ്ഞെത്തിയ ഭാഗ്യരേഖയും ഭീംസെൻ റാവുവും മകളുടെ ഫ്ലാറ്റിലാണ് തിങ്കളാഴ്ച കഴിഞ്ഞത്. അമ്മ ലക്ഷ്മീദേവിയും അവിടെയായിരുന്നു.

ചൊവ്വാഴ്ച ഉച്ചക്കുശേഷം, ഭാഗ്യരേഖയും അമ്മയും കൂടി, ആറുമാസമായി അടഞ്ഞുകിടന്ന വീട് വൃത്തിയാക്കാനെത്തിയപ്പോഴായിരുന്നു ദുരന്തം. ഈ സമയം ഭീം സെൻ റാവു മകളുടെ ഫ്ലാറ്റിൽ ഉറങ്ങുന്നുണ്ടായിരുന്നു. പെട്ടെന്ന് വൻ ശബ്ദത്തോടെ തീ പടർന്നുപിടിച്ചതു കണ്ട ഭാഗ്യരേഖ അപ്പുറത്തെ ഫ്ലാറ്റിലെ മകളെ വിളിച്ചു. അപ്പോഴേക്കും ഭീംസെൻ റാവുവും ഓടിയിറങ്ങി വന്നെങ്കിലും തീയും കനത്ത പുകയും നിറഞ്ഞുനിന്ന ഫ്ലാറ്റിലേക്ക് കയറാനായില്ല. ഭീംസെൻ റാവുവിന് ചെറിയ രീതിയിൽ പൊള്ളലേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹുളിമാവ് ഫയർ സ്റ്റേഷനിൽനിന്നെത്തിയ അഞ്ചു യൂണിറ്റ് അഗ്നിസുരക്ഷാ സേന രണ്ടര മണിക്കൂറോളം നീണ്ട പരിശ്രമത്തിലാണ് തീയണച്ചത്. പാർപ്പിട സമുച്ചയത്തിലെ കുടുംബങ്ങളെയെല്ലാം ഒഴിപ്പിച്ചു. തീപ്പിടിത്തമുണ്ടാകാനുള്ള കാരണം കണ്ടെത്താൻ ബുധനാഴ്ച ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു. ബി.ബി.എം.പി. ജോയിന്റ് കമ്മിഷണറും സ്ഥലം സന്ദർശിച്ചു.