അറസ്റ്റിലായത് സ്വകാര്യകോളേജ് അധ്യാപകൻ

പ്രസിദ്ധീകരണശാലയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്

ബെംഗളൂരു : വിദ്യാർഥികൾക്കുവേണ്ടി പുറത്തിറക്കിയ പുസ്തകത്തിൽ മതസ്പർധയുണ്ടാക്കുന്ന പരാമർശങ്ങളുണ്ടെന്ന പരാതിയെത്തുടർന്ന് അധ്യാപകൻ അറസ്റ്റിൽ. തുമകൂരുവിലെ സ്വകാര്യ ബി.എഡ്. കോളേജ് അധ്യാപകൻ രാമചന്ദ്രയ്യ (56) ആണ് അറസ്റ്റിലായത്.

ഇദ്ദേഹത്തിന്റെ 'മൗല്യ ദർശന- ദ എസ്സൻസ് ഓഫ് വാല്യ എജ്യുക്കേഷൻ' എന്ന ഇംഗ്ലീഷിലുള്ള കൃതിയിൽ മുസ്‌ലിം മതത്തിനെതിരായ പരാമർശങ്ങളുണ്ടെന്നാണ് പരാതി. സംഭവത്തിൽ കേസെടുത്ത പോലീസ് കഴിഞ്ഞദിവസം ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുമകൂരു സർവകലാശാലയിലെ മുൻ അക്കാദമിക് കൗൺസിലർ കൂടിയാണ് രാമചന്ദ്രയ്യ. തുമകൂരു സ്വദേശിയായ അഭിഭാഷകൻ റോഷൻ നവാസാണ് പരാതി നൽകിയത്.

ബി.എഡ്. വിദ്യാർഥികളുടെ പഠനത്തിന് സഹായിക്കുന്ന തരത്തിലാണ് പുസ്തകം തയ്യാറാക്കിയിരുന്നത്. രാമചന്ദ്രയ്യ അധ്യാപകനായ കോളേജിൽ പുസ്തകത്തിന്റെ കോപ്പികൾ വലിയ തോതിൽ വിറ്റഴിക്കുകയും ചെയ്തിരുന്നു. പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ച് ചില വിദ്യാർഥികൾ ആക്ഷേപമുന്നയിച്ചതിന് പിന്നാലെ ചില തീവ്ര മതസംഘടനകളും പുസ്തകത്തിനെതിരെ രംഗത്തെത്തി. തുടർന്നാണ് പുസ്തകം പിൻവലിക്കണമെന്നും രചയിതാവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ പരാതി നൽകിയത്.

അതേസമയം സർവകലാശാല ഈ പുസ്തകം വിദ്യാർഥികൾക്ക് നിർദേശിച്ചിട്ടില്ലെന്ന് തുമകൂരു സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വൈ.എസ്. സിദ്ധഗൗഡ പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിച്ച മൈസൂരുവിലെ പ്രസിദ്ധീകരണശാലയ്ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.