ബെംഗളൂരു : കർണാടകത്തിലെ ഹനഗൽ, സിന്ദഗി നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇക്കുറി വീറും വാശിയും കൂടും. ബി.ജെ.പി.യും കോൺഗ്രസും ജെ.ഡി.എസും ജീവന്മരണ പോരാട്ടമെന്നനിലയിലാണ് പ്രചാരണത്തിൽ മുന്നേറുന്നത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ തുടങ്ങിയ മുൻ നിര നേതാക്കൾ പ്രചാരണത്തിന് നേതൃത്വം നൽകാനെത്തിയതോടെ പ്രവർത്തകരുടെ ആവേശം മൂർധന്യത്തിലെത്തി.

2023-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഫലത്തിലേക്കുള്ള ചൂണ്ടുപലകയാകും ഹനഗലിലെയും സിന്ദഗിയിലെയും ഉപതിരഞ്ഞെടുപ്പു ഫലമെന്നാണ് വിലയിരുത്തൽ. സർക്കാരിന്റെ നേതൃത്വത്തിൽനിന്നും യെദ്യൂരപ്പ പടിയിറങ്ങുകയും ബസവരാജ് ബൊമ്മെ പുതിയ മുഖ്യമന്ത്രിയാകുകയും ചെയ്ത ശേഷം ആദ്യംവരുന്ന പ്രധാന തിരഞ്ഞെടുപ്പായതിനാൽ ബി.ജെ.പി.ക്ക്‌ ഇതിലെവിജയം നിർണായകമാണ്. ഹനഗലിൽ ബി.ജെ.പി.യുടെ സിറ്റിങ് മണ്ഡലം നിലനിർത്തുകയും സിന്ദഗിയിൽ ജെ.ഡി.എസിൽനിന്ന് പിടിച്ചെടുക്കുകയുമാണ് അവരുടെ ലക്ഷ്യം. ബി.ജെ.പി. എം.എൽ.എ. യായിരുന്ന സി.എം. ഉദാസിയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ശിവരാജ് സജ്ജനാറിനെയാണ് ഉദാസിയുടെ പിൻഗാമിയാകാൻ ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലം ബി.ജെ.പി.യിൽനിന്ന് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് സ്ഥാനാർഥി ശ്രീനിവാസ് വി.മനെയും ജെ.ഡി.എസ്. സ്ഥാനാർഥി നിയാസ് ഷെയ്ക്കും ശക്തമായി രംഗത്തുണ്ട്. സിന്ദഗിയിൽ സ്വന്തം മണ്ഡലം നിലനിർത്താൻ ജെ.ഡി.എസ് ആണ് ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണത്തിൽ സജീവമായത്. പുതുമുഖമായ നസിയ ഷക്കീൽ അഹമ്മദ് അംഗഡിയാണ് അന്തരിച്ച ജെ.ഡി.എസ്. എം.എൽ.എ. എം.സി.മനഗുളിയുടെ പിൻഗാമിയായി പാർട്ടി രംഗത്തിറക്കിയത്. എം.സി.മനഗുളിയുടെ മകൻ അശോക് മനഗുളിയെയാണ് കോൺഗ്രസ് രംഗത്തിറക്കിയത്. മുൻ എം.എൽ.എ. രമേശ് ഭുസനൂരാണ് ബി.ജെ.പി.സ്ഥാനാർഥി.

പ്രവർത്തകരെ ആവേശക്കൊടുമുടിയിലാക്കി നേതാക്കൾ

ഹനഗലിൽ ബി.ജെ.പി. സ്ഥാനാർഥിക്കുവേണ്ടി വെള്ളിയാഴ്ച പ്രചാരണത്തിനെത്തിയത് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മുൻ മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയും ഒരുമിച്ചായിരുന്നു.

കാറിന്റെ മുൻസീറ്റിൽ യെദ്യൂരപ്പയും പിറകിൽ ബസവരാജ് ബൊമ്മെയും ഇരുന്ന് വോട്ടർമാരെ അഭിവാദ്യം ചെയ്ത് നീങ്ങി. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും പുതിയ മുഖ്യമന്ത്രിയും ഒരുമിച്ചെത്തിയതോടെ പ്രവർത്തകരുടെ ആവേശം പതിന്മടങ്ങായി.

പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ എന്നിവർ ഇരുമണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾക്കുവേണ്ടി ദിവസങ്ങളായി പ്രചാരണത്തിൽ സജീവമാണ്.

ഹനഗലിലെ ഹിരൂരു, ആഡൂരു, നരേഗൽ തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു ഡി.കെ. ശിവകുമാറിന്റെ വെള്ളിയാഴ്ചത്തെ പ്രചാരണം.

മുൻ പ്രധാമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ കഴിഞ്ഞ ദിവസം സിന്ദഗി മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയത് പ്രവർത്തകരെ ആവേശത്തിലാക്കിയിരുന്നു.

മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് രണ്ടു മണ്ഡലങ്ങളിലും പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.

സിന്ദഗി മണ്ഡലത്തിലൈ വിവിധ സ്ഥലങ്ങളിലായിരുന്നു കുമാരസ്വാമിയുടെ വെള്ളിയാഴ്ചത്തെ പ്രചാരണം.