ബെംഗളൂരു : പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാറും കോൺഗ്രസിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണുംനട്ടിരിക്കുന്നതിനിടെ ചരടുവലികൾക്ക് കടിഞ്ഞാണുമായി ഹൈക്കമാൻഡ്. മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരാളെയും ഉയർത്തിക്കാണിക്കരുതെന്ന് എ.ഐ.സി.സി. പാർട്ടി കർണാടകഘടകത്തിന് നിർദേശം നൽകി. ജനങ്ങളുടെ വിശ്വാസംനേടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കാനും നിർദേശിച്ചു.

ചാമരാജ്‌പേട്ട് എം.എൽ.എ. സമീർ അഹമ്മദ് ഖാൻ അടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് പൊതുയോഗങ്ങളിൽ പ്രസംഗിച്ചിരുന്നു. ഇത് പാർട്ടിയിൽ വലിയ ചർച്ചയായി. ഇതിനെതിരേ ഡി.കെ. ശിവകുമാർ രംഗത്തുവന്നു. വ്യക്തിപൂജയല്ല വേണ്ടതെന്നും തിരഞ്ഞെടുപ്പിൽ പാർട്ടി വിജയംനേടുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഒരു നേതാവിനെ ഉയർത്തിക്കാട്ടാതെ സംയുക്തനേതൃത്വമായാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചൂണ്ടിക്കാട്ടി മറ്റുചില നേതാക്കളും പാർട്ടിയിൽ സജീവമാണ്.

കോൺഗ്രസ് മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ചില പ്രസ്താവനകൾ നേതാക്കളിൽനിന്ന് വന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി (ഇൻ ചാർജ്) രൺദീപ് സിങ് സുർജേവാല പറഞ്ഞു. ഇത്തരം പ്രസ്താവനകൾ നേതാക്കൾ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റിയൊക്കെ അതാതുസമയം കേന്ദ്രനേതൃത്വവും തിരഞ്ഞെടുക്കപ്പെടുന്ന എം.എൽ.എ. മാരും തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കൾ ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കാനായി പോരാടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.