ബെംഗളൂരു : നിർദിഷ്ട ശിവമോഗ വിമാനത്താവളത്തിന്റെ ടെർമിനൽ മാതൃകയിൽ മാറ്റംവരുത്തണമെന്ന് കോൺഗ്രസ്. താമരയുടെ ആകൃതിയിൽ നിർമിക്കുന്ന ടെർമിനൽ ബി.ജെ.പി.യുടെ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടുള്ളതാണെന്ന് എ.ഐ.സി.സി. വക്താവ് ബ്രിജേഷ് കലപ്പ ആരോപിച്ചു. മാതൃകയിൽ മാറ്റം വരുത്തുന്നില്ലെങ്കിൽ രാഷ്ട്രീയപരമായും നിയമപരമായും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമാനമായ രീതിയിൽ 2016-ൽ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ ചിഹ്നമായ ആനയുടെ പ്രതിമകൾ ഉത്തർ പ്രദേശിൽ സർക്കാർചെലവിൽ സ്ഥാപിച്ചതിൽ ഡൽഹി ഹൈക്കോടതി വിധിപുറപ്പെടുവിച്ചെന്നും ബ്രിജേഷ് കലപ്പ പറഞ്ഞു. അതേസമയം മാതൃകയിൽ മാറ്റംവരുത്തേണ്ട ആവശ്യമില്ലെന്നും ബി.ജെ.പി.യുടെ ചിഹ്നമല്ല, ദേശീയ പുഷ്പത്തിന്റെ രൂപത്തിലാണ് ടെർമിനൽ നിർമിക്കുന്നതെന്നും ബി.ജെ.പി. നേതൃത്വം ചൂണ്ടിക്കാട്ടി. അടുത്തവർഷം ജൂണോടെ നിർമാണം പൂർത്തിയാക്കാനാണ് സർക്കാരിന്റെ തീരുമാനം.