ബെംഗളൂരു : റോഡുകളോട് ചേർന്ന നടപ്പാതകൾ കൈയ്യേറുന്നത് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലെ നടപ്പാതകളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ബെംഗളൂരു സ്വദേശി സമർപ്പിച്ച പൊതുതാത്‌പര്യഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർദേശം.

പോലീസ് സ്റ്റേഷനുകൾക്കുമുന്നിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിർത്തുന്നതിനാൽ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക നിരീക്ഷിച്ചു. ജൂലായ് ഒന്നിന് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനും പോലീസിനും ബെംഗളൂരു കോർപ്പറേഷനും നിർദേശം നൽകിയിട്ടുണ്ട്.

നഗരത്തിലെ നടപ്പാതകളിൽ വാണിജ്യസ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും നടത്തുന്ന കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികളുമായി കോർപ്പറേഷൻ മുന്നോട്ടുപോകുന്നതിനിടെയാണ് കോടതിയിൽ നിന്നുള്ള നിർദേശം. നേരത്തേ നഗരത്തിലെ വിവിധ സന്നദ്ധ സംഘടനകളും പോലീസ് സ്റ്റേഷനുകൾക്കുമുന്നിലെ നടപ്പാത കൈയേറ്റത്തെക്കുറിച്ച് വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.