ബെംഗളൂരു : പതിനെട്ടുവയസ്സിന് മുകളിലുള്ള മുഴുവൻ വിദ്യാർഥികൾക്കും വാക്സിൻ നൽകിയശേഷം സംസ്ഥാനത്തെ ഡിഗ്രി കോളേജുകളും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും തുറക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. വിദ്യാർഥികൾക്കും അധ്യാപകർക്കും വാക്സിനേഷനിൽ മുൻഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡിന്റെ മൂന്നാംഘട്ട വ്യാപനത്തെ നിയന്ത്രിക്കുന്നതിനുവേണ്ടി രൂപവത്കരിച്ച വിഗദ്ധസമിതിയുമായി ചൊവ്വാഴ്ച രാവിലെ നടത്തിയ ചർച്ചയ്ക്കുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. സമിതി സമർപ്പിച്ച നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു. സ്കൂൾ ക്ലാസുകൾ തുറക്കുന്നതിനെപ്പറ്റി ചർച്ചചെയ്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കുട്ടികൾക്കുള്ള വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം നടന്നുവരികയാണ്.

കോവിഡിന്റെ മൂന്നാംതരംഗം കുട്ടികളെ കൂടുതൽ ബാധിച്ചേക്കുമെന്നതിനാൽ ജില്ലാ-താലൂക്ക് ആശുപത്രികളിൽ കുട്ടികളുടെ ഐ.സി.യു.കളും ഹൈ ഡിപെൻഡൻസി യൂണിറ്റുകളും സജ്ജമാക്കാൻ സമിതി നിർദേശിച്ചിട്ടുണ്ട്. ഓക്‌സിജൻ ലഭ്യത, കോവിഡിനുശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവയെപ്പറ്റിയും ചർച്ചചെയ്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡോ. ദേവി ഷെട്ടിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിർദേശങ്ങൾ സമർപ്പിച്ചത്.

വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും വാക്സിൻ നൽകാനായി സംസ്ഥാനത്തെ എല്ലാ കോളേജുകളിലും രണ്ടു ദിവസത്തെ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ നടത്തുമെന്ന് ചർച്ചയിൽ സംബന്ധിച്ച ഉപമുഖ്യമന്ത്രി അശ്വത് നാരായൺ അറിയിച്ചു. അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ കോളേജുകൾ തുറക്കും.