ബെംഗളൂരു : കർണാടകത്തിൽ മുഖ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം ശക്തിപ്രാപിക്കുന്നതിനിടെ ബി.എസ്. യെദ്യൂരപ്പയ്ക്കു പിന്തുണയുമായി കൂടുതൽ ലിംഗായത്ത് സ്വാമിമാർ.

വിവിധ മഠങ്ങളിലെ മഠാധിപതികളുൾപ്പെടെ 500-ഓളം സ്വാമിമാർ വ്യാഴാഴ്ച വൈകീട്ട് പദയാത്രയായി ബെംഗളൂരുവിലെ യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലെത്തി. യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റരുതെന്നാവശ്യപ്പെട്ടായിരുന്നു സ്വാമിമാരെത്തിയത്. മൂന്ന് ദിവസം നീണ്ട യാത്രയ്ക്കൊടുവിലാണ് ഇവർ ബെംഗളൂരുവിലെത്തിയത്. യെദ്യൂരപ്പയ്ക്കുവേണ്ടി ഡൽഹിയിലെത്തി പാർട്ടി കേന്ദ്രനേതൃത്വത്തെ കാണാനും ഇവർ ആലോചിക്കുന്നുണ്ട്.

യെദ്യൂരപ്പയുടെ രാജി ഉടനുണ്ടാകുമെന്ന വാർത്ത പ്രചരിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ ലിംഗായത്ത് മഠാധിപതികളും സാമുദായിക നേതാക്കളും പിന്തുണയുമായി എത്തിയിരുന്നു. ലിംഗായത്ത് സമുദായത്തിലെ ശക്തനായ നേതാവാണ് യെദ്യൂരപ്പ. പാർട്ടിയെ കുഴപ്പത്തിലാക്കുന്ന തരത്തിൽ പ്രതിഷേധം നടത്തരുതെന്ന് യെദ്യൂരപ്പ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു.