ബെംഗളൂരു : പെഗാസസ് ചാര സോഫ്റ്റ്‌വേർ ഉപയോഗിച്ച് പാർട്ടി നേതാക്കളുടെ ഫോണുകൾ ചോർത്തിയ സംഭവത്തിൽ കേന്ദ്രസർക്കാരിനുനേരെ പ്രതിഷേധമുയർത്തി ബെംഗളൂരുവിൽ കോൺഗ്രസ് നേതാക്കൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തി.

പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാർ തുടങ്ങിയ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ വിധാൻസൗധയിൽനിന്നാരംഭിച്ച മാർച്ച് രാജ്ഭവനിലെത്തുന്നതിനുമുമ്പ് ബാരിക്കേഡ്‌വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

പാർട്ടി നേതാക്കളുൾപ്പെടെയുള്ളവരുടെ ഫോണുകൾ ചോർത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ഗവർണർ താവർചന്ദ് ഗഹ്‌ലോതിന് കത്തു നൽകി.

2019-ൽ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യസർക്കാരിന്റെ കാലത്ത് നേതാക്കളുടെ ഫോൺ പെഗാസസ് സോഫ്റ്റ്‌വേർ ഉപയോഗിച്ച് ചോർത്തിയെന്ന് റിപ്പോർട്ട് പുറത്തുവന്ന കാര്യം അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ഉപമുഖ്യമന്ത്രിയായിരുന്ന ജി. പരമേശ്വരയുടെയും മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമി, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ പേഴ്‌സണൽ സെക്രട്ടറിമാരുടെയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ മഞ്ജുനാഥ് മദ്ദേഗൗഡയുടെയും ഫോണുകൾ ചോർത്തുകയോ നിരീക്ഷിക്കുകയോ ചെയ്തിരിക്കാമെന്നാണ് വെളിപ്പെടുത്തലുണ്ടായത്.

ബി.ജെ.പി. സർക്കാർ ജനാധിപത്യത്തെ നിരന്തരം ആക്രമിക്കുകയാണെന്നാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്ന് ഡി.കെ. ശിവകുമാർ ആരോപിച്ചു.