ബെംഗളൂരു : കർണാടക കളരിപ്പയറ്റ് അസോ. നടത്തിയ ഏഴാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പരശുരാമ വല്ലഭട്ട കളരി അക്കാദമി വിജയികളായി. ദുർഗ കളരി ഗുരുകുലം രണ്ടാം സ്ഥാനവും ഭീരേശ്വര കളരി മൂന്നാംസ്ഥാനവും നേടി. ഓൺലൈനായിട്ടായിരുന്നു മത്സരം. വിജയിച്ച മത്സരാർഥികൾ ഓഗസ്റ്റ് 1,7,8 തീയതികളിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കും.

ചാമ്പ്യൻഷിപ്പ് ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ അഡ്വ. പൂന്തുറ സോമൻ ഉദ്ഘാടനം ചെയ്തു. കർണാടക കളരിപ്പയറ്റ് അസോ. പ്രസിഡന്റ് അഡ്വ. സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ചു. കേരള കളരിപ്പയറ്റ് അസോ.പ്രസിഡന്റ് കെ.പി. കൃഷ്ണദാസ്, കാർത്തികേയൻ ഗുരുക്കൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. കർണാടക കളരിപ്പയറ്റ് അസോ. സെക്രട്ടറി ജനറൽ കൃഷ്ണപ്രതാപിന്റെ നേതൃത്വത്തിൽ ആണ് മത്സരങ്ങൾ നടന്നത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ ആൺകുട്ടികളും പെൺകുട്ടികളും വിവിധ കളരികളിൽനിന്ന് പങ്കെടുത്തു.