ബെംഗളൂരു : പാഴ്‌വസ്തുക്കൾകൊണ്ട് ഇന്ത്യയുടെ ‘മിസൈൽമാൻ’ ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ശില്പം നിർമിച്ച് യശ്വന്തരപുര റെയിൽവേ കോച്ച് ഡിപ്പോയിലെ ജീവനക്കാർ. തീവണ്ടി യാത്രക്കാർക്ക് വ്യക്തമായി കാണാവുന്ന വിധം റെയിൽപ്പാത്തിന് സമീപത്ത് സ്ഥാപിച്ച ശില്പം ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാണ്. മെക്കാനിക്കൽ വിഭാഗം എൻജിനീയർമാരുടെ 45 ദിവസത്തെ പ്രയത്‌നത്തിലൊടുവിലാണ് ശില്പം യാഥാർഥ്യമായത്. ഉപയോഗശൂന്യമായ 800 കിലോ ഇരുമ്പ് വസ്തുക്കൾകൊണ്ടാണ് ശില്പം തയ്യാറാക്കിയതെന്ന് ഡിപ്പോ ഓഫീസർ വികാസ് ഗുരുവാണി പറഞ്ഞു.

നട്ടുകൾ, ബോൾട്ടുകൾ, തീവണ്ടികോച്ചിന്റെ ഉപയോഗ ശൂന്യമായ ഇരുമ്പുകഷണങ്ങൾ എന്നിവയാണ് ശില്പനിർമാണത്തിന് ഉപയോഗിച്ചത്. യശ്വന്തപുര ഡിപ്പോയിൽനിന്ന് ലഭിച്ച വസ്തുക്കൾക്ക് പുറമേ മൈസൂരുവിലെ റെയിൽവേ വർക്‌ഷോപ്പിൽനിന്ന്‌ പാഴ്‌വസ്തുക്കളെത്തിച്ചു. എൻജിനീയർമാരായ സി.പി. ശ്രീധർ, ശ്രീനിവാസ് രാജു എന്നിവരാണ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്.

പാഴ്‌വസ്തുക്കൾകൊണ്ട് ഇവിടത്തെ എൻജിനിയർമാർ നേരത്തേയും ശില്പമുണ്ടാക്കിയിരുന്നു. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ മുദ്രയായ സിംഹത്തെയും സ്വാമി വിവേകാനാന്ദന്റെ ശില്പവും സമാനമായ രീതിയിൽ നിർമിച്ചിട്ടുണ്ട്. കെംപെഗൗഡ ഹെറിറ്റേജ് ഗാർഡനിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ എ.പി.ജെ. അബ്ദുൽ കലാമിന്റെ ശില്പം റെയിൽവേ സ്റ്റേഷനിൽ തന്നെ സ്ഥാപിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

എ.പി.ജെ. അബ്ദുൽ കലാമിന്റെ ജീവിതരീതിയും രാജ്യത്തിന് നൽകിയ സംഭാവനകളും ഓർക്കാൻ റെയിൽവേ സ്റ്റേഷനുകളിലെത്തുന്നവർക്ക് അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പാഴ്‌വസ്തുക്കളെ മികച്ച കലാരൂപമാക്കി മാറ്റമെന്ന ആശയവും ശില്പത്തിലൂടെ പകർന്നുനൽകാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.