ചെന്നൈ : തിരുവാരൂർ ജില്ലയിലെ മുത്തുപ്പേട്ടയിൽ പഞ്ചായത്തംഗത്തെ തലയറുത്ത് കൊലപ്പെടുത്തി. മണൽമേട് കോവിലൂർ സ്വദേശി കെ. രാജേഷാണ് (38) മരിച്ചത്.
പഞ്ചായത്തിലെ പതിനൊന്നാംവാർഡ് അംഗമായിരുന്നു. സ്വതന്ത്രനായി തിരഞ്ഞെടുപ്പിൽ മത്സരിച്ചുജയിച്ച ഇയാൾ പിന്നീട് എ.ഐ.എ.ഡി.എം.കെ.യിൽ ചേർന്നിരുന്നു. കൊലപാതകമടക്കം ക്രിമിനൽ കേസുകളിലും പ്രതിയാണ്. ആലങ്കാടിനടുത്ത് ബൈക്കിൽപ്പോയ രണ്ടുപേരുടെ പക്കൽനിന്ന് അറുത്തുമാറ്റിയ രാജേഷിന്റെ തല റോഡിൽ വീണതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തലയില്ലാത്തനിലയിൽ മൃതദേഹം മറ്റൊരിടത്തുനിന്ന് കണ്ടെത്തുകയായിരുന്നു. മുൻവിരോധം കാരണമുള്ള കൊലപാതകമാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.