ബെംഗളൂരു : വൈസ് മെൻ ഇന്റർനാഷണലിന്റെ അന്തർദേശീയ പ്രസിഡന്റായി ബെംഗളൂരുവിലെ മലയാളിയായ ഡോ. കെ.സി. സാമുവലിനെ തിരഞ്ഞെടുത്തു. 71 രാജ്യങ്ങളിലെ അംഗങ്ങൾ പങ്കെടുത്ത തിരഞ്ഞെടുപ്പിലാണ് അദ്ദേഹം സംഘടനയുടെ തലപ്പത്തെത്തിയത്. വൈസ് മെൻ ഇന്റർനാഷണലിന് നൂറുവർഷം തികയുന്ന വേളയിലാണ് സാമുവലിന്റെ നേട്ടം. 2022 ഓഗസ്റ്റിൽ അമേരിക്കയിലെ ഹവായിയിൽ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിൽ അദ്ദേഹം സ്ഥാനമേൽക്കും.
ബെംഗളൂരു വൈസ് മെൻസ് ക്ലബ്ബിൽ അംഗമായ ഡോ. കെ.സി. സാമുവലിന് 2018-19ൽ ഇന്ത്യ ഏരിയാ പ്രസിഡന്റായിരിക്കെ വൈസ് മെൻ ഇന്റർനാഷണലിന്റെ മികച്ച എരിയാ പ്രസിഡന്റിനുളള പുരസ്കാരം ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ ഏവിയേഷൻ അക്കാദമി, ഹിന്ദുസ്ഥാൻ ഇലക്‌ട്രോണിക്സ് അക്കാദമി, ഹിന്ദുസ്ഥാൻ ബിസിനസ് സ്കൂൾ എന്നിവയുടെ ചെയർമാനാണ്. ഒരു പൈലറ്റുകൂടിയായ അദ്ദേഹം എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയിൽ അംഗമാണ്. പരേതനായ കൂടത്തിനാലിൽ മത്തായി ചാക്കോയുടെ മകനാണ്.