ബെംഗളൂരു : സർക്കാർ നിർദേശമനുസരിച്ച് കോവിഡ് രോഗികൾക്ക് കിടക്കൾ മാറ്റിവെക്കാൻ തയ്യാറാകാതിരുന്ന 66 സ്വകാര്യ ആശുപത്രികൾക്കുകൂടി കോർപ്പറേഷൻ കാരണം കാണിക്കൽ നോട്ടീസയച്ചു.

48 മണിക്കൂറിനുള്ളിൽ തൃപ്തികരമായ മറുപടി ലഭിക്കാത്ത പക്ഷം കർശന നടപടിയുണ്ടാകുമെന്ന് കോർപ്പറേഷൻ വ്യക്തമാക്കി. ബഹുഭൂരിപക്ഷം ആശുപത്രികളിലും ഒഴിവുള്ള കിടക്കകൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കൈമാറുന്നില്ലെന്നും കോർപ്പറേഷൻ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മുഴുവൻ ആശുപത്രികളിലും കോർപ്പറേഷൻ കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേകസംഘം സന്ദർശിക്കും.

കഴിഞ്ഞദിവസം ആരോഗ്യമന്ത്രി കെ. സുധാകർ നഗരത്തിലെ ചില പ്രമുഖ ആശുപത്രികൾ സന്ദർശിച്ച് മാനേജ്‌മെന്റുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പല ആശുപത്രികളും നിലവിലുള്ള മറ്റ് രോഗികളെ ഡിസ്ചാർജ് ചെയ്യാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

നഗരത്തിലെ സ്വകാര്യ ആശുപത്രികൾക്കെതിരേ വ്യാപക പരാതികളാണ് ആരോഗ്യവകുപ്പിന് ലഭിക്കുന്നത്. ചികിത്സയ്ക്ക് വൻതുക ഈടാക്കുന്നുവെന്നും മതിയായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നുമാണ് പരാതികളിൽ ഏറെയും.

കഴിഞ്ഞവർഷവും സ്വകാര്യ ആശുപത്രികൾ സർക്കാർ നിർദേശമനുസരിച്ചുള്ള കിടക്കകൾ മാറ്റിവെക്കാൻ ആദ്യഘട്ടത്തിൽ തയ്യാറായിരുന്നില്ല. ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചുതുടങ്ങിയതോടെയാണ് ആശുപത്രികൾ കിടക്കകൾ മാറ്റിവെച്ചത്.