ബെംഗളൂരു : കോവിഡ് രോഗികൾക്ക് നൽകുന്ന റെംെഡസിവിർ മരുന്ന് കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച നാലുപേരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജയനഗർ സ്വദേശി ധനറാം പട്ടേൽ (28), ബൈരസാന്ദ്ര സ്വദേശികളായ ചമ്പാലാൽ (23), ശങ്കർ (28), ഇന്ദിരാനഗർ സ്വദേശി വിഷ്ണുവർധൻ (41) എന്നിവരാണ് രണ്ടു വ്യത്യസ്ത കേസുകളിലായി പിടിയിലായത്. ജയനഗർ എൽ.ഐ.സി. കോളനിയിലെ ഗോഡൗണിൽ നടത്തിയ റെയ്‌ഡിലാണ് ധനറാമും ചമ്പാലാലും ശങ്കറും പിടിയിലായത്. കരിഞ്ചന്തയിൽ വിൽപ്പന ലക്ഷ്യമിട്ട് പൂഴ്ത്തിവെച്ച മരുന്നുകളും ഗോഡൗണിൽനിന്ന് കണ്ടെടുത്തു.

ഇന്ദിരാഗനർ 100 ഫീറ്റ് റോഡിൽ നിന്നാണ് വിഷ്ണുവർധൻ പിടിയിലായത്. മരുന്ന് കരിഞ്ചന്തയിൽ വിൽക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മരുന്ന് വാങ്ങാനെത്തിയവർ എന്ന വ്യാജേന പോലീസ് ഇയാളെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ആറ്് റെംഡെസിവിർ വയലും ഇയാളിൽനിന്ന് കണ്ടെടുത്തു. 11,000 രൂപയാണ് ഇയാൾ ഒരു വയലിന് ഈടാക്കിയിരുന്നത്.

മരുന്ന് കരിഞ്ചന്തയിൽ വിൽക്കുന്നതിനെതിരേ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നത്. കഴിഞ്ഞയാഴ്ച ശിവാജി നഗറിൽനിന്ന് മൂന്നുപേർ പിടിയിലായിരുന്നു. മൈസൂരുവിൽ സ്വകാര്യ ആശുപത്രി നഴ്‌സ് ഉൾപ്പെടെ നാലുപേരെ വ്യാജ മരുന്ന് നിർമിച്ചതിന് പിടികൂടുകയും ചെയ്തു. റെംഡെസിവിർ മരുന്നിന്റെ ലഭ്യത കുറഞ്ഞതോടെ മെഡിക്കൽ സ്റ്റോറുകൾ സ്റ്റോക്കുള്ള മരുന്നുകൾ പൂഴ്ത്തിവെക്കുന്നതായി ഒട്ടേറെ പരാതികളാണ് ലഭിച്ചത്. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കിയിരുന്നു.