ബെംഗളൂരു : ബെലഗാവിയിലെ ആബനലി ഗ്രാമത്തിലെ പകുതിയോളംപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗ്രാമം പൂർണമായും അടച്ച്‌ ആരോഗ്യവകുപ്പ്. മുഴുവൻ ഗ്രാമവാസികൾക്കും ആർ.ടി.പി.സി.ആർ. പരിശോധന നടത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഗ്രാമത്തിനുവേണ്ടി പ്രത്യേക വൈദ്യസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞദിവസംനടന്ന പരിശോധനയിലാണ് 144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആകെ 300 പേരാണ് ഗ്രാമത്തിൽ താമസിക്കുന്നത്.

മഹാരാഷ്ട്ര അതിർത്തിയോടുചേർന്നുള്ള ഗ്രാമമാണിത്. ദിനംപ്രതി ഗ്രാമീണർ മഹാരാഷ്ട്രയിൽ കൂലിപ്പണിക്കുപോയി വൈകീട്ട് തിരിച്ചെത്തുകയാണ് പതിവ്. അതിതീവ്രവ്യാപനമുള്ള പ്രദേശങ്ങളിൽ ജോലിക്കുപോയതോടെയാണ് ഇവർക്ക് കോവിഡ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ചിലർ ഗോവയിലും സന്ദർശനം നടത്തിയിട്ടുണ്ട്. നിലവിൽ ഗ്രാമത്തിൽനിന്നുള്ളവർ പുറത്തേക്കുപോകുന്നതിനും പുറത്തുനിന്നുള്ളവർക്ക് ഗ്രാമത്തിലേക്ക് വരുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റോഡുകൾ അടയ്ക്കുകയും ചെയ്തു.

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ അതിർത്തി ഗ്രാമങ്ങളിൽ അതിജാഗ്രതയിലാണ് അധികൃതർ. പലരും പരിശോധനകൾ കൂടാതെയാണ് അയൽസംസ്ഥാനങ്ങളിലേക്കുപോയി തിരിച്ചെത്തുന്നത്. സ്ഥിരമായി മഹാരാഷ്ട്രയിലേക്കുപോകുന്നവർ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നേരത്തേ മുന്നറിയിപ്പുനൽകിയിരുന്നെങ്കിലും കാര്യമായ പരിശോധനകളൊന്നുംനടന്നില്ല. ആബനലിയിലെ പകുതിയോളംപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിരമായി അയൽസംസ്ഥാനത്തേക്ക് പോകുന്ന മറ്റുഗ്രാമങ്ങളിലുള്ളവർക്കും പരിശോധന നടത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചുവരുകയാണ്.