ബെംഗളൂരു : കോവിഡ് രണ്ടാംഘട്ടത്തിൽ കുട്ടികളിൽ രോഗബാധ കൂടുന്നുവെന്ന റിപ്പോർട്ടുകൾ ശരിവെച്ച് ബെംഗളൂരുവിലെ കോവിഡ് കണക്ക്. ബുധനാഴ്ചമാത്രം ബെംഗളൂരുവിൽ ഒമ്പത് വയസ്സിൽ താഴെയുള്ള 401 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ബെംഗളൂരുവിൽ ആകെ 13,460 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 30 വയസ്സിനും 39 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് രോഗബാധിതരിൽ കൂടുതൽ.

മാർച്ച് ഒന്നു മുതൽ 26 വരെ ബെംഗളൂരുവിൽ പത്തുവയസ്സിന് താഴെയുള്ള 472 കുട്ടികൾക്കായിരുന്നു കോവിഡ് പോസിറ്റീവായത്. എന്നാൽ, ഏപ്രിൽ ആയതോടെ രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം കുത്തനെകൂടി. കുട്ടികൾ കഴിഞ്ഞ വർഷത്തേക്കാൾ വീടിനുപുറത്ത് കൂടുതൽസമയം ചെലവഴിച്ചതാണ് കോവിഡ് ബാധിക്കുന്നതിന് കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡിന്റെ ആദ്യവരവിൽ ലോക്ഡൗൺ ഉണ്ടായിരുന്നതിനാൽ കുട്ടികൾ വീടുകളിൽ തന്നെ കഴിയുകയായിരുന്നു.