ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഇതാദ്യമായി കാൽ ലക്ഷത്തിനു മുകളിലെത്തി. വ്യാഴാഴ്ച 25,795 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 12,47,997-ലെത്തി. കോവിഡ് ബാധിച്ച 123 പേർ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 13,885 ആയി. 5624 പേർ സുഖം പ്രാപിച്ചതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 10,37,857 ആയി. 1,96,236 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 243 പേർ അത്യാഹിതവിഭാഗത്തിലാണ്. സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ശതമാനമാണ്. മരണനിരക്ക് 0.47 ശതമാനവും. 1,62,534 പേരെ പരിശോധിച്ചപ്പോഴാണിത്.

പുതുതായി കോവിഡ് സ്ഥിരീകരിച്ചവരിൽ 15,244 പേർ ബെംഗളൂരു അർബനിലാണ്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,98,919-ലെത്തി. 68 പേർ കൂടി മരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചുള്ള ആകെ മരണം 5,450 ആയി. 2,257 പേർ സുഖം പ്രാപിച്ചു. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 4,55,655 ആയി. സജീവ കേസുകളുടെ എണ്ണം 1,37,813-ലെത്തി. ബെംഗളൂരു റൂറലിൽ 405 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നാലു പേർകൂടി മരിച്ചു. മൈസൂരുവിൽ ബുധനാഴ്ച 818 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 439 പേർ രോഗമുക്തരായി. മൂന്നുപേർകൂടി മരിച്ചു. ഇതോടെ ജില്ലയിൽ മരിച്ചവരുടെ എണ്ണം 1,136 ആയി. ഹാസനിൽ പുതുതായി 689 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലു പേർ കൂടി മരിച്ചു.

ബീദറിൽ 396 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ കൂടി മരിച്ചു. കലബുറഗിയിൽ 659 പേർക്ക് കോവിഡ് ബാധിച്ചു.

11 പേർ മരിച്ചു. ധാർവാഡിൽ 361 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അഞ്ചുപേർ മരിച്ചു. തുമകൂരുവിൽ 1231 പേർക്ക് രോഗം ബാധിച്ചു. അഞ്ചുപേർ കൂടി മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിൽ 474 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കുടകിൽ 156 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

രണ്ടുപേർ മരിച്ചു. ബല്ലാരിയിൽ 940 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചു പേർ കൂടി മരിച്ചു. ചാമരാജനഗറിൽ 271 പേർക്കും ഉഡുപ്പിയിൽ 274 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മാണ്ഡ്യയിൽ 385 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. നാലുപേർ മരിച്ചു.