ബെംഗളൂരു : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേയ് നാലുവരെ കർണാടകത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പോലീസ് നടപ്പാക്കി ത്തുടങ്ങി. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ പകൽസമയങ്ങളിൽ അവശ്യ സേവനങ്ങളിൽ ഉൾപ്പെടാത്ത മുഴുവൻ കടകളും പോലീസ് അടപ്പിച്ചു. മൈസൂരു, ഹുബ്ബള്ളി, ബെലഗാവി, തുമകുരു തുടങ്ങിയ ജില്ലകളിലും വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കടകൾ അടപ്പിച്ചു. ഇതോടെ കർണാടകത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയെന്നുള്ള പ്രചാരണംസാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു.

മൊബൈൽ ഷോപ്പുകൾ, തുണിക്കടകൾ, മറ്റു വ്യാപാരസ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയവയാണ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം അടപ്പിച്ചത്.

പലചരക്ക്, പച്ചക്കറി, പാൽ, തുടങ്ങിയ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും കെട്ടിടനിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾക്കും തുറക്കാൻ അനുമതിയുണ്ട്. അവശ്യസർവീസിൽ ഉൾപ്പെടാത്ത കടകൾ കർഫ്യൂസമയത്ത് മാത്രം അടച്ചാൽ മതിയെന്നായിരുന്നു പല കച്ചവടക്കാരും ധരിച്ചിരുന്നത്. രാത്രി കർഫ്യൂവിനുപുറമേയുള്ള വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച രാത്രി ഒമ്പതിന് തുടങ്ങും. തിങ്കളാഴ്ചരാവിലെ ആറുവരെയാണ് വാരാന്ത്യ കർഫ്യൂ.

വാരാന്ത്യ കർഫ്യു: ഓർമിക്കാൻ

* അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടിയുള്ള വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവ പ്രവർത്തിക്കാം. ജീവനക്കാർ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് കരുതണം

* ടെലികോം, ഇന്റർനെറ്റ് സേവന ദാതാക്കളുടെ ജീവനക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാം (തിരിച്ചറിയൽ കാർഡ് നിർബന്ധം)

*അടിയന്തര ആവശ്യമുള്ള രോഗികൾക്കും കൂടെയുള്ളവർക്കും സഞ്ചരിക്കാം

* പലചരക്ക്, പച്ചക്കറി, പഴം, പാൽ, മാംസം, മത്സ്യം എന്നിവ വിൽക്കുന്ന കടകൾ രാവിലെ ആറു മുതൽ രാവിലെ പത്തു വരെ തുറക്കാം.

*റെസ്റ്റോറന്റുകളിലും മറ്റ് ഭക്ഷണശാലകളിലും ഇരുന്ന് കഴിക്കാൻ അനുവാദമില്ല

* ദീർഘദൂര ബസ് സർവീസുകൾക്ക് തടസ്സമില്ല

*ബസ് സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ, ടാക്‌സി വാഹനങ്ങൾ അനുവദിക്കും (യാത്രാ രേഖകൾ ഹാജരാക്കണം)

* വിവാഹത്തിന് പരമാവധി 50 ആളുകൾക്കും സംസ്‌കാരത്തിന് 20 ആളുകൾക്കും പങ്കെടുക്കാം

*സിനിമാ ഹാളുകൾ, ഷോപ്പിങ് മാളുകൾ, ജിംനേഷ്യം, സ്‌പോർട്‌സ് കോംപ്ലെക്‌സ്,, പാർക്ക്, ബാർ, ഓഡിറ്റോറിയം തുടങ്ങിയ അടച്ചിടണം

* രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക കൂടിച്ചേരലുകൾ പാടില്ല

*ആരാധനാലയങ്ങൾ അടച്ചിടണം