ബെംഗളൂരു : കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന ഇൻജക്‌ഷൻ മരുന്നായ റെംഡെസിവിറിന്റെ 25,400 വയൽ (കുപ്പി) കൂടി കർണാടകത്തിന് ലഭിക്കും. റെംഡെസിവിറിന് ക്ഷാമം രൂക്ഷമായതിനെത്തുടർന്നാണ് കേന്ദ്രസർക്കാർ കൂടുതൽ മരുന്ന് അനുവദിച്ചത്. കോവിഡ് വ്യാപനം കുതിച്ചുയരുകയും അടിയന്തര ചികിത്സ ആവശ്യമായി വരുന്ന രോഗികൾ വർധിക്കുകയും ചെയ്തതോടെ മിക്ക ആശുപത്രികളിലും റെംഡെസിവിർ ഇല്ലാതായി മാറിയിരുന്നു.

മരുന്ന് ദുർലഭമായതോടെ മരുന്നു കടകൾ ഇത് പൂഴ്ത്തിവെക്കാൻ തുടങ്ങിയിരുന്നു. ചോദിക്കുന്ന വിലയ്ക്ക് ഈ മരുന്ന് വാങ്ങി ആശുപത്രികളിലെത്തിക്കാൻ രോഗികളുടെ ബന്ധുക്കൾ നെട്ടോട്ടമോടുന്ന അവസ്ഥയാണ്. റെംഡെസിവിറിന്റെ വ്യാജമരുന്നുണ്ടാക്കി വിൽപ്പന നടത്തിയതിന് കഴിഞ്ഞ ദിവസം മൈസൂരുവിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ഉൾപ്പെടെ ഏതാനും പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

കേന്ദ്ര സർക്കാർ 19 സംസ്ഥാനങ്ങൾക്കായി 11 ലക്ഷം കുപ്പി മരുന്ന് പുതുതായി അനുവദിച്ചതിലാണ് കർണാടകം ഉൾപ്പെട്ടത്. ഏപ്രിൽ 30 വരെയുള്ള ഉപയോഗത്തിനാണിത്. ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആരോഗ്യവകുപ്പുമന്ത്രി കെ. സുധാകർ നന്ദി അറിയിച്ചു. സംസ്ഥാനത്തിനുവേണ്ടി ഇടപെട്ട കേന്ദ്രമന്ത്രിമാരായ സദാനന്ദഗൗഡ, പ്രൾഹാദ് ജോഷി എന്നിവരെ അഭിനന്ദിച്ചു.