ബെംഗളൂരു : കർണാടക സർക്കാർ ഒരു കോടി ഡോസ് കോവിഷീൽഡ് വാക്സിൻ വിലയ്ക്കുവാങ്ങുന്നു. 400 കോടി രൂപ ചെലവിലാണിത്. ഇതിന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വ്യാഴാഴ്ച അനുമതി നൽകി.

18 മുതൽ 44 വരെ പ്രായമുള്ളവർക്ക് കുത്തിവെക്കാൻ വേണ്ടിയാണ് വാക്സിൻ വാങ്ങുന്നത്. സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസ് കോവിഷീൽഡിന് ഈടാക്കുന്ന വില 400 രൂപയായി കഴിഞ്ഞദിവസം സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണ് 400 കോടി രൂപ അനുവദിച്ചത്. പൊതുവിപണിയിൽ വിൽക്കുന്നത് 600 രൂപ നിരക്കിലാണ്. ആദ്യഘട്ടമായാണ് സർക്കാർ ഇത്രയും ഡോസ് വാക്സിൻ വാങ്ങുന്നത്. അതേസമയം, ഈ വാക്സിൻ സൗജന്യമായാണോ സബ്സിഡി നിരക്കിലാണോ യഥാർഥ വിലയ്ക്കാണോ ജനങ്ങൾക്ക് നൽകുകയെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മേയ് ഒന്നുതുടങ്ങിയാണ് വാക്സിനേഷന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്.