ബെംഗളൂരു : കോവിഡ് ബാധിച്ച് മരിക്കുന്നവരെ സ്വകാര്യഭൂമിയിൽ സംസ്കരിക്കാൻ സർക്കാർ അനുമതി. ഫാംഹൗസിലോ പറമ്പുകളിലോ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇത്തരം ശവസംസ്കാരങ്ങൾ നടത്തേണ്ടത്. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട‌ിവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

സ്വകാര്യഭൂമിയിൽ ശവസംസ്കാരം നടത്തുന്നതിന് പ്രത്യേക മാർഗനിർദേശവും ആരോഗ്യവകുപ്പ് പുറത്തിറക്കി. ശവസംസ്കാരത്തിന് നേതൃത്വം നൽകുന്നവർ സുരക്ഷാവസ്ത്രവും മുഖാവരണവും കൈയുറകളും ധരിക്കണം, ആഴത്തിൽ കുഴിയെടുത്തുവേണം ശവസംസ്കാരം നടത്താൻ, മൃതദേഹം കൊണ്ടുപോയ വാഹനം അണുവിമുക്തമാക്കണം തുടങ്ങിയവയാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രധാന നിർദേശങ്ങൾ. മറ്റു ജില്ലകളിലേക്കോ സംസ്ഥാനങ്ങളിലേക്കോ മൃതദേഹം കൊണ്ടുപോകുകയാണെങ്കിൽ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ഡോക്ടർമാർ നൽകണമെന്നും നിർദേശത്തിൽ പറയുന്നു.

അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ പ്രത്യേകം സ്ഥലം കണ്ടെത്തണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് സംസ്ഥാന സർക്കാർനിർദേശം നൽകിയിട്ടുണ്ട്. ബെംഗളൂരു കോർപ്പറേഷൻ പരിധിയിൽ അഞ്ച് ശ്മശാനങ്ങൾകൂടി കോവിഡ് ബാധിച്ച് മരിക്കുന്നവർക്കായി മാറ്റിവെക്കുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങി. ഹെബ്ബാൾ കെംപാപുര, കലഹള്ളി, ഹരിശ്ചന്ദ്രഘട്ട്, വിൽസൻ ഗാർഡൻ, മൈസൂരുറോഡ് ശ്മശാനങ്ങളാണ് മാറ്റിവെക്കുക. നിലവിൽ ഏഴു ശ്മശാനങ്ങളിലാണ് കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ബെംഗളൂരുവിൽ മൃതദേഹം സംസ്കരിക്കാൻ മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കേണ്ട സാഹചര്യമാണുള്ളത്. മൃതദേഹങ്ങൾ ആശുപത്രികളിൽനിന്ന് ശ്മശാനങ്ങളിലെത്തിക്കാൻ ആംബുലൻസ് ലഭിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.