ബെംഗളൂരു : കോവിഡ് രോഗികളെയും കോവിഡ് ബാധിച്ച് മരിക്കുന്നവരെയും കൊണ്ടുപോകുന്ന സ്വകാര്യ ആംബുലൻസുകൾക്ക് നിശ്ചിത നിരക്ക് പ്രഖ്യാപിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്വകാര്യ ആംബുലൻസുകൾ അമിത നിരക്ക് ഈടാക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് മന്ത്രി ഇടപെട്ടത്. അമിത നിരക്ക് വാങ്ങുന്ന ആംബുലൻസ് ഉടമകൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പല സ്ഥലങ്ങളിലും മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് സ്വകാര്യ ആംബുലൻസുകൾ അമിത നിരക്ക് ഈടാക്കുന്നുണ്ട്. മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുന്നതിനും സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനുമാണ് അമിത ഫീസ് ഈടാക്കുന്നത്. മറ്റു വഴികളില്ലാതെ ഡ്രൈവർമാർ ചോദിക്കുന്ന കാശ് കൊടുക്കേണ്ടി വരുകയാണ് പലർക്കും. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഫ്രീസറിൽ വെക്കുന്നതിനും സംസ്കരിക്കുന്നതിനുമായി ബന്ധുക്കളോട് 60,000 രൂപ ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടതായി ആരോപണമുണ്ടായിരുന്നു. പിന്നീട് പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാൽ, 6000 രൂപ ആവശ്യപ്പെട്ടപ്പോൾ 60,000 ആയി ബന്ധുക്കൾ തെറ്റിദ്ധരിച്ചതാണെന്നാണ് പിന്നീട് ആംബുലൻസ് ഡ്രൈവർ പറഞ്ഞത്.